
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ വീണ്ടും അഴിച്ചു പണിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. കടുത്ത വിഭാഗീയതയെ തുടർന്ന് ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം അമരീന്ദർ സിംഗ് രാജ വാറിംഗ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. ജൂലായിൽ വാറിംഗിനെ അദ്ധ്യക്ഷനാക്കിയതു മുതൽ പഞ്ചാഞ്ച് കോൺഗ്രസിലെ വിഭാഗീയത ഹൈക്കമാൻഡിന് തലവേദനയായിരുന്നു.
പ്രശ്‌നം രൂക്ഷമായതോടെ പഞ്ചാബ് ചുമതലയുള്ള ഐ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാറിംഗിനോട് മാറാൻ ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയ ശേഷമായിരുന്നു സച്ചിൻ റിപ്പോർട്ട് നൽകിയത്.പുതിയ അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. വാറിംഗിന്റെ നിയമനത്തെ എതിർത്ത മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്‌വ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഭാഗീയത കത്തിയതോടെ സംസ്ഥാനത്തിന്റെ ചുമതല വഹിച്ച മുതിർന്ന നേതാവ് ഭൂപേഷ് ബഗേൽ പിൻമാറി. സെപ്‌തംബറിലാണ് ബഗേലിന് പകരം സച്ചിൻ ചുമതലക്കാരനായി വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |