SignIn
Kerala Kaumudi Online
Friday, 02 October 2026 2.00 AM IST

അഹമ്മദാബാദ് സ്‌ഫോടനപരമ്പര; പ്രതിയുടെ വധശിക്ഷ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി

e

ന്യൂഡൽഹി: അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്പരക്കേസ് പ്രതി അഹമ്മദ് ബാവ അബു അബൂബക്കറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. പ്രതിയുടെ അപ്പീലിലാണ് ജസ്റ്രിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത,അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മൂന്നു മലയാളികളുൾപ്പെടെ 38 പ്രതികൾക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് 2022 ഫെബ്രുവരിയിൽ വധശിക്ഷ വിധിച്ചത്.

ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരൻ ഷിബിലി,കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് തൂക്കുകയർ വിധിക്കപ്പെട്ട മലയാളികൾ. ആലുവ സ്വദേശി മുഹമ്മദ് അൻസാരി ഉൾപ്പെടെ 11 പേരെ മരണം വരെ ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചിരുന്നു. വിധി ഗുജറാത്ത് ഹൈക്കോടതി ഇക്കഴിഞ്ഞ ജൂലായിൽ ശരിവച്ചതോടെ പ്രതികളിലൊരാളായ അഹമ്മദ് ബാവ അബു അബൂബക്കർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ കേസിൽ ഇത്രയധികം പേർക്ക് പരമോന്നത ശിക്ഷ വിധിച്ചിരുന്നത്. 2008 ജൂലായ് 26നായിരുന്നു അഹമ്മദാബാദിലെ സ്‌ഫോടന പരമ്പര. 56 പേ‌ർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദിൻ,സിമി എന്നീ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേസ്. ഗോധ്ര കലാപത്തിനുള്ള പ്രതികാരമാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, LATESTNEWS, SUPREME COURT STAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360