
ചെന്നൈ: പരനൂരിലെ ടോൾ പ്ലാസയിലെത്തുമ്പോൾ വാഹനം നിറുത്തണ്ട. തടയാനും ആരുമുണ്ടാകില്ല. തമിഴ്നാട്ടിലെ ആദ്യ തടസരഹിത ടോൾ പ്ലാസ ചെന്നൈ- തിരുച്ചിറപ്പള്ളി ഹൈവേയിലെ (എൻ.എച്ച് 179B) പരനൂരിൽ തുറന്നു. മൾട്ടി ലൈൻ ഫ്രീ ട്രാവൽ (എം.എൽ.എഫ്.എഫ്) എന്ന സംവിധാനമാണ് ഇതിനായി ദേശീയപാത അതോറിട്ടി അവതരിപ്പിച്ചത്. ഫാസ്റ്റ്ടാഗിലൂടെ 'ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ" (എ.എൻ.പി.ആർ) വഴി ഓൺലൈനായി ടോൾ നിരക്ക് ഈടാക്കും. വാഹനം കടന്നുപോകുമ്പോൾ ഫാസ് ടാഗ് റീഡ് ചെയ്യുന്നതിനായി ഹൈസ്പീഡ് ക്യാമറകളുണ്ട്. 150 കിലോ മീറ്റർ വേഗത്തിലാണെങ്കിലും സ്‌കാൻ ചെയ്യാനാകും. എ.എൻ.പി.ആർ വഴി വിവരങ്ങൾ അപ്പോൾ തന്നെ ലഭ്യമാകുകയും ഫാസ് ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക കുറയുകയും ചെയ്യും. ഗതാഗതക്കുരുക്കില്ലാത്ത യാത്രയും സമയലാഭവും ഉറപ്പ്. രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിറുത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായും ഇല്ലാതാക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ തടസങ്ങളില്ലാത്ത ടോൾ പ്ലാസ സൂറത്ത്- ഭറൂച്ച് ദേശീയപാതയിലാണ് തുറന്നത്.
കബളിപ്പിക്കാനാവില്ല
അസാധുവായ ഫാസ്ടാഗ്, ബാലൻസില്ലാത്ത ഫാസ്ടാഗ് എന്നിവയുമായി ടോൾ പ്ളാസ കടക്കാനാകില്ല. അങ്ങനെ ചെയ്താൽ പിഴ. ഇ-ചലാൻ വഴിയാണ് പിഴയടയ്‌ക്കേണ്ടത്.
ഇ-ചലാൻ തയാറായാൽ വാഹനത്തിന്റെ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും.
72 മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിരക്ക് ഇരട്ടിയാകും
പിഴയടയ്ക്കാൻ വൈകിയാൽ വാഹൻ വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട കൂടുതൽ സേവനങ്ങൾക്ക് വിലക്ക് വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |