
ന്യൂഡൽഹി: 'എങ്ങോട്ടാണ് പോകുന്നത്?' മാധ്യമപ്രവർത്തകരുടെ ചോദ്യം പലതവണ. 'അറിയില്ല, രാഹുൽ ഗാന്ധിക്ക് മാത്രമേ അറിയൂ', എം.പിമാരുടെ മറുപടി. മുന്നിൽ മൂന്ന് ബസുകൾ. പിന്നിൽ ഡൽഹി പൊലീസിന്റെ വാഹനങ്ങൾ. എവിടെയാണ് സമരമെന്ന് അറിയാതെ ബാരിക്കേഡുമായി ഒരു നഗരയാത്ര.
മല്ലികാർജുൻ ഖാർഗെയുടെ ക്ഷണപ്രകാരം ഉച്ചഭക്ഷണത്തിന് സാഗർ രത്നയിലെത്തിയ നൂറോളം ഇന്ത്യാ സഖ്യ എം.പിമാരാണ് പിന്നീട് മൂന്ന് ബസുകളിലായി പുറപ്പെട്ടത്. സമരപരിപാടികൾ ആലോചിക്കാം എന്ന് അറിയിച്ചാണ് എം.പിമാരെ ക്ഷണിച്ചത്. സസ്യാഹാര ലഞ്ചായിരുന്നു ഒരുക്കിയിരുന്നത്. തീൻമേശയിലാണ് സമരത്തെക്കുറിച്ച് എം.പിമാരെ അറിയിച്ചത്. വേദി സംബന്ധിച്ച വിവരം പുറത്തുവിടരുതെന്ന് കർശന നിർദേശവും.
ഉച്ചഭക്ഷണ ശേഷം എം.പിമാർ ഓരോരുത്തരായി പുറത്തിറങ്ങി കാത്തുകിടന്ന ബസുകളിലേക്ക്. ബസുകൾക്ക് ചുറ്റും അപ്പോഴേക്കും പ്രവർത്തകരുടെ ആവേശം. കൊടികളും പ്ലക്കാർഡുകളും ഉയർന്നു. മുദ്രാവാക്യങ്ങൾ മുഴങ്ങി. എവിടേക്കെന്ന് അറിയാത്തതിന്റെ ആകാംക്ഷയോടെ മാധ്യമങ്ങളും പിന്നാലെ.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏകോപനം. അവസാന നിമിഷംവരെ ലക്ഷ്യം പുറത്തുവരാതിരുന്നത് പൊലീസിനെയും വെട്ടിലാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കോ, ജന്തർ മന്തറിലേക്കോ, എവിടേക്കുള്ള വഴിയിൽ സന്നാഹം ഒരുക്കണമെന്നറിയാതെ പൊലീസ് കുഴങ്ങി. ബസുകളുടെ നീക്കം വ്യക്തമായിരുന്നില്ല.
ഒടുവിൽ ജൻപഥ്-അശോക റോഡ് റൗണ്ട് എബൗട്ടിൽ ബസുകൾ തടഞ്ഞു. ഇതോടെ അവിടം സമരവേദിയായി മാറി. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ എം.പിമാർ റോഡിൽ കുത്തിയിരുന്നു. ഇതോടെ നഗരഗതാഗതം പൂർണമായും സ്തംഭിച്ചു. പൊലീസിന്റെ അനുനയ ശ്രമങ്ങൾക്കൊന്നും രാഹുൽ വഴങ്ങിയില്ല. ഇതോടെ രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.
എന്നാൽ പ്രവർത്തകരും എം.പിമാരും ചേർന്ന് സംരക്ഷണ കവചമൊരുക്കി. പിന്നീട് പ്രവർത്തകരെ ഓരോരുത്തരെയായി അറസ്റ്റു ചെയ്തു പൊലീസ് വാഹനത്തിൽ കയറ്റി. ചെറുത്തുനിന്ന എം.പിമാരെ അവർ വന്ന വാഹനത്തിൽ തന്നെ പൊലീസ് ബലംപ്രയോഗിച്ചു കയറ്റി. ഇതിനിടെ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് ബലംപ്രയോഗിച്ചു മറ്റൊരു വാഹനത്തിൽ കയറ്റി നീക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |