SignIn
Kerala Kaumudi Online
Friday, 09 October 2026 1.53 AM IST

ജന്തർ മന്ദർ സമരം നേരിടാൻ 46,​000 പൊലീസുകാർ

e

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇടതു വിദ്യ‌ാ‌ർത്ഥി-യുവജന സംഘടനകളും കോക്രോച്ച് ജനത പാ‌ർട്ടിയും നാളെ ജന്തർ മന്ദറിൽ സമരം പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 26,​000 കേന്ദ്രസേനാംഗങ്ങളേയും ഡൽഹി പൊലീസിലെ 20,000 പേരെയുമടക്കം നിയോഗിച്ചു. കൂടുതൽ വനിത പൊലീസും ഉണ്ടാകും.

ജന്ത‌ർ മന്ദർ ഉൾപ്പെടുന്ന മേഖലയിൽ പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്നും നിരോധനാജ്ഞ നിലവിലുണ്ടെന്നും ഡി.സി.പി സൃഷ്‌ടി പാണ്ഡെ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം,​ പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകളിലും, ഹോട്ടലുകളിലും ഉൾപ്പെടെ സമരത്തിനെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്.

ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവരുടെ നിയമനം ചട്ടവിരുദ്ധമായാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹ‌ർജിയെത്തി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് സുപ്രിംകോടതിയിലെയടക്കം 42 മുൻ ജ‌ഡ്‌ജിമാർ തുറന്ന കത്തെഴുതി.

വീണ്ടും കേസെടുത്തു

ബുധനാഴ്ചത്തെ സമരവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ എം.പിമാർ തുടങ്ങിയവർക്കെതിരെ മൂന്ന് എഫ്.ഐ.ആറുകൾ കൂടി ഡൽഹി പൊലീസ് രജിസ്റ്റ‌ർ ചെയ്‌തു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, JANTAR MANTAR PROTEST, DELHI POLICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360