ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിക്കുന്ന ഹിന്ദുവിന് സംവരണത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പിന്നാക്ക മുസ്ലിമെന്ന പദവിയും ലഭിക്കില്ല. ഹിന്ദു,സിഖ്,ബുദ്ധമതം എന്നിവയിലുള്ളവരെ മാത്രമെ പട്ടികജാതി അംഗമായി കണക്കാക്കാൻ കഴിയുകയുള്ളു. ഹിന്ദു മതത്തിലെ പട്ടികജാതിക്കാരൻ ഈ മൂന്ന് മതങ്ങളിലല്ലാതെ മറ്റൊരു മതത്തിലേക്ക് മാറിയാൽ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹിന്ദു പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ,ഡീനോട്ടിഫൈഡ് സമുദായങ്ങൾ,പട്ടികവിഭാഗങ്ങൾ എന്നിവയിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് 'പിന്നാക്ക വിഭാഗം മുസ്ലിം' കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്തതോടെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതിയുടേത് കൃത്യമായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ തള്ളി. ഇത്തരം എക്സിക്യൂട്ടീവ് ഉത്തരവുകൾ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള കൃത്രിമ മാർഗമെന്ന് സുപ്രീംകോടതി വിലയിരുത്തി.
മതം മാറിയാൽ മുസ്ലിം സമുദായ അംഗം മാത്രം
മതപരിവർത്തനം നടത്തിയാൽ മുസ്ലിം സമുദായ അംഗം മാത്രമായിരിക്കും. ഇസ്ലാം സമുദായത്തിനകത്തെ പിന്നാക്ക വിഭാഗം എന്ന വിഭാഗത്തിലേക്ക് മാറാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ പരമശിവം എന്ന വ്യക്തി 2015ൽ സമീർ അഹമ്മദായി മാറിയിരുന്നു. പട്ടികജാതി സംവരണം ലഭിക്കാൻ മുസ്ലിം ലെബായ് വിഭാഗമാണെന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. തഹസിൽദാർ ആവശ്യം തള്ളി. തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഉത്തരവ് തന്നെ റദ്ദാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |