ന്യൂഡൽഹി: കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ആർക്കും കഴിയില്ലെന്നും അതിന് ശ്രമിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കർശന മുന്നറിയിപ്പ് നൽകി.
'ഇന്ത്യ' സഖ്യം തിങ്കളാഴ്ച നടത്തിയ സുപ്രീംകോടതി മാർച്ചാണ് കോടതിയെ പ്രകോപിപ്പിച്ചത്.
മാർച്ചിന് നേതൃത്വം കൊടുത്ത നേതാക്കൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ഒരാളുടെ പെരുമാറ്റത്തിൽ പ്രത്യേകമായി വിശദീകരണം തേടുമെന്ന് രാഹുലിനെ ഉന്നംവച്ച് പറയുകയും ചെയ്തു. ഇത്തരം ശ്രമങ്ങൾ ഏശില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഞങ്ങൾ ദന്തഗോപുരത്തിലല്ല ഇരിക്കുന്നത്. പുറത്തു നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിരുന്നു. നേതാക്കൾ കോടതിക്കു പുറത്ത് പറയുന്നതും കോടതിയിൽ പറയുന്നതും എന്താണെന്ന് വ്യക്തമായി അറിയാം.
മാർച്ചിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ നേതാക്കളായ രാഹുൽ ഗാന്ധി,മല്ലികാർജ്ജുൻ ഖാർഗെ,അഖിലേഷ് യാദവ്,മഹുവ മൊയിത്ര തുടങ്ങിയവർക്കെതിരെ ഒരുവിഭാഗം അഭിഭാഷകർ സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കവെയാണ് രൂക്ഷ വിമർശനം.
ഈ നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഹർജി സമർപ്പിക്കാൻ രജിസ്ട്രിയിലെത്തിയിരുന്നു. അവിടെ മുദ്രാവാക്യം വിളി ഉയർന്നതും രാഹുൽ മടങ്ങുന്ന വഴിയിൽ കോടതി ഗേറ്റിനടുത്ത് ഗർഭിണിയായ മാദ്ധ്യമപ്രവർത്തകയെ പിടിച്ചുതള്ളിയതും ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തി. സുപ്രീംകോടതി വളപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ ബന്ധപ്പെട്ടവർക്ക് കോടതി നിർദ്ദേശം നൽകി. നവംബർ രണ്ടിന് വീണ്ടും പരിഗണിച്ചേക്കും.
കെ.പി.സി.സിക്കും നോട്ടീസ്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പേജിൽ ട്വീറ്റ് വന്നിരുന്നു. പിന്നീടത് നീക്കിയെങ്കിലും കെ.പി.സി.സിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |