
ന്യൂഡൽഹി: ബി.ജെ.പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി. ഈ കുറ്റത്തിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം പാസാക്കി പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ പ്രതീകാത്മക ജൻബന്ധൻ പാർലമെന്റ്.
കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിലായിരുന്നു രണ്ടരമണിക്കൂർ പൊതുവിചാരണ. പാർലമെന്റിന്റെ മാതൃകയിൽ തയ്യാറാക്കിയ വേദിയിലും സദസിലും ഗ്യാനേഷിനെതിരായ ആരോപണങ്ങൾ മാത്രമുയർന്നു. എതിർപ്പും ഇടപെടലുമുണ്ടായില്ല.
അർദ്ധവൃത്താകൃതിയിൽ ക്രമീകരിച്ച ഇരിപ്പിടങ്ങളിൽ സ്റ്റേജിന് അഭിമുഖമായി നേതാക്കൾ ഇരുന്നു. വേദിയിൽ മുൻ ലോക്‌സഭാ സ്‌പീക്കർ മീരാകുമാർ നടപടികൾ നിയന്ത്രിച്ചു. ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ച് ഖാർഗെ ചർച്ചയ്‌ക്ക് തുടക്കമിട്ടു. ഇന്ത്യ മുന്നണി നേതാക്കളും എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ ഡൽഹി, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും വിദ്യാർത്ഥി നേതാക്കളായ നേഹ ബോറ, ഐസി ഘോഷ് തുടങ്ങിയവരും സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കി.ബി.ജെ.പിക്ക് വേണ്ടി ചെയ്‌ത പ്രവൃത്തികൾക്ക് പാരിതോഷികമായി ഗ്യാനേഷിന്റെ കുടുംബാംഗങ്ങൾക്ക് ഉയർന്ന തസ്തികകളും ആനുകൂല്യങ്ങളും ലഭിച്ചെന്നും പ്രമേയം ആരോപിച്ചു.
കേരളത്തിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ(ആർ.എസ്.പി), ജോൺ ബ്രിട്ടാസ്(സി.പി.എം), പി. സന്തോഷ് കുമാർ(സി.പി.ഐ), ജോസ് കെ.മാണി(കേരളാ കോൺഗ്രസ്), ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ളിം ലീഗ്), ജി. ദേവരാജൻ(ഫോർവേഡ് ബ്ളോക്ക്) തുടങ്ങിയവർ സംസാരിച്ചു.
ഗ്യാനേഷിന്റ ചെയ്തികൾ
(പ്രമേയത്തിലുള്ളത്)
വോട്ടു കൊള്ള നടത്താൻ ഗൂഢാലോചന നടത്തി
13.2 കോടി വോട്ടർമാരെ പുറത്താക്കി
പാർലമെന്റിന്റെ അറിവില്ലാതെ ഫോം 6 തിരുത്തി
ഇ.സി.ഐ നെറ്റ് ആപ്പ് വഴി വോട്ടർ പട്ടിക പിടിച്ചെടുത്തു
രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാഴ്‌ചക്കാരാക്കി
മോദിയുടെയും ഷായുടെയും നിർദ്ദേശപ്രകാരം പ്രവർത്തിച്ചു
ഗ്യാനേഷ് പദവിയിൽ തുടരില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ തെളിവുകൾ പക്കലുണ്ട്. ഇന്നത്തെ പ്രതിപക്ഷ മെഗാ റാലിയിൽ ജനങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കും
- രാഹുൽ ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |