
ന്യൂഡൽഹി: സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് തിരുത്തലുകൾ നിർദ്ദേശിക്കേണ്ട പ്രതിപക്ഷം രാജ്യത്തിന്റെ വികസനത്തിന് തടസമുണ്ടാക്കുന്ന ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ഇപ്പോൾ 'വിരോധപക്ഷ'മല്ല, 'അവരോധപക്ഷ'മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഏകതാനഗറിൽ നടന്ന രാഷ്ട്രീയ ഏകതാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഭരണഘടന വ്യക്തമായ ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ചുമതല. എന്നാൽ ആ ഉത്തരവാദിത്വം ഉപേക്ഷിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് തടസമുണ്ടാക്കുന്ന രാഷ്ട്രീയമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മോദി ആരോപിച്ചു. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിന് പുറത്തുനിൽക്കുന്നതിന്റെ നിരാശയും നിരാശാബോധവുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ ആരെയാണ് രഹസ്യമായി കാണുന്നത്, ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ആരുടെ പിന്തുണയാണ് ലഭിക്കുന്നത്, രാജ്യത്തിന്റെ ശത്രുക്കളുടെ ഭാഷ ആരാണ് സംസാരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച മോദി, പ്രതിപക്ഷത്തെ പരോക്ഷമായി ലക്ഷ്യമിട്ടു.
നക്സലിസവും മാവോയിസവും അവസാനിപ്പിക്കുമെന്ന കഴിഞ്ഞ വർഷത്തെ വാഗ്ദാനം നടപ്പാക്കിയെന്ന് അവകാശപ്പെട്ട മോദി, 'ദിമാഗി നക്സലുകൾ' (മനസ്സിലെ നക്സലുകൾ) ഉയർത്തുന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |