
ന്യൂഡൽഹി: 2029 ഡിസംബർ 31നകം രാജ്യത്തെ സമ്പൂർണ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസിത ഇന്ത്യയിലേക്കുള്ള ആദ്യ ചുവടുവയ്പ് ലഹരിമുക്ത ഇന്ത്യയാണെന്നും യുവതലമുറയുടെ ഭാവിക്കായി ഈ ലക്ഷ്യം കൈവരിക്കണം. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ദേശീയ ഏകതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഏകതാ റൺ' ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുശേഷം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തിയ പട്ടേലിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഈ വർഷം മാർച്ച് 31ന് രാജ്യം മാവേയ്സ്റ്റിൽ നിന്ന് മുക്തമായെന്നും ഇനി ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തിന്റെ ഭാഷാ, സാംസ്‌കാരിക, മത വൈവിദ്ധ്യങ്ങൾ ദൗർബല്യമല്ല, ശക്തിയാണെന്ന് ഷാ പറഞ്ഞു.
പരിപാടിയിൽ രാജ്യത്തിന്റെ ഐക്യപ്രതിജ്ഞയും ഷാ ചൊല്ലിക്കൊടുത്തു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു, കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |