SignIn
Kerala Kaumudi Online
Friday, 18 September 2026 11.01 AM IST

സ്റ്റാലിന്റെ 'ഇന്റർനാഷണൽ' ധനമന്ത്രിയായി പളനിവേൽ

p

ചെന്നൈ: കഴിഞ്ഞ അഞ്ച് വർഷം തമിഴ്നാടിന്റെ ധനസ്ഥിതി അപകടത്തിലാണെന്ന് നിയമസഭയിൽ വിളിച്ചു പറയുകയും ധനമന്ത്രി ഒ.പനീർശെൽവത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്ത പളനിവേൽ ത്യാഗരാജനെ ഇത്തവണ എം.കെ. സ്റ്റാലിൻ ധനമന്ത്രിയാക്കിയത് യാദൃച്ഛികമായിട്ടല്ല. തന്റെ സർക്കാരിൽ പളനിവേൽ ത്യാഗരാജൻ തന്നെയാകും ധനമന്ത്രിയെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. മഹത്തായ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ പിന്മുറക്കാരനായതു കൊണ്ടു മാത്രമല്ല ത്യാഗരാജന്റെ ഉന്നത യോഗ്യതകളും ആഗോള കാഴ്ചപ്പാടുകളും സ്റ്റാലിനെ ആകർഷിച്ചു.

തിരുച്ചി എൻ.ഐ.ടിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ലോവൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രൊഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സിൽ. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിഗ് ഡയറക്ടർ.

ഇത്രയേറെ പ്രോഫഷണൽ പശ്ചാത്തലമുള്ള പളനിവേൽ തമിഴ്നാട്ടിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാകുന്ന് ദ്രാവിഡ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചികയാണ്. ജീവിതത്തിലും ഇന്റർനാഷണൽ ആണ് പളനിവേൽ ത്യാഗരാജൻ. വിവാഹം കഴിച്ചത് അമേരിക്കക്കാരി മാർഗരറ്റിനെ. ഇവർക്ക് പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ എന്നീ രണ്ട് പുത്രന്മാരുണ്ട്.

കടത്തിൽ മുങ്ങിയ നാട്

അഞ്ച് ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയാണ് തമിഴ്നാടിനുള്ളത്. ഒന്നര ലക്ഷം കോടിയുടെ റവന്യൂകമ്മിയും. വരവിനത്തിൽ ലഭിക്കേണ്ട കോടികൾ പിരിച്ചെടുക്കാതെ ദൈനംദിന ചെലവിനു പോലും കടംവാങ്ങുന്നതിനാലാണ് ഇത്രയും ബാദ്ധ്യത ഉണ്ടായതെന്നാണ് പളനിവേൽ ത്യാഗരാജൻ സഭയിൽ പറഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഡി.എം.കെയും എ. ഡി.എം.കെയും നൽകുന്ന സൗജന്യങ്ങൾ നടപ്പാക്കുമ്പോഴാണ് കടക്കെണിയിലാകുന്നത്. അധികാരം ഏറ്റ ഉടൻ സ്റ്റാലിൻ നടപ്പിലാക്കാൻ തീരുമാനിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് 4000 രൂപ വീതം നൽകുന്ന പദ്ധതിക്ക് 4153 കോടി വേണം. സ്ത്രീകളുടെ സൗജന്യയാത്രയുടെ ബാദ്ധ്യത 1200 കോടിയും.

ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിലും വിദേശ പഠനത്തിലും നിന്ന് ലഭിച്ച ആശയങ്ങൾ തമിഴ്‌നാട്ടിൽ നടപ്പാക്കി പ്രതിസന്ധി മറികടക്കുക പളനിവേലിന് അത്ര എളുപ്പമാവില്ല.

ത്യാഗരാജന്റെ പിതാവ് പി.ടി രാജൻ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റിസ് പാർട്ടി നേതാവുമായിരുന്നു.

പിതാവ് പി.ടി.ആർ പളനിവേൽ രാജൻ തമിഴ്‌നാട് സ്പീക്കറും മന്ത്രിയുമായിരുന്നു.

20 വർഷത്തോളം അമേരിക്കയിലും സിംഗപ്പൂരിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി.

ലീമാൻ ബ്രദേഴ്‌സിൽ ജോലി ചെയ്യുമ്പോഴാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരർ ആക്രമിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ടു.

 2006ൽ പിതാവിന്റെ മരണശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിസഭയിൽ ചേരാനും കരുണാനിധി ആവശ്യപ്പെട്ടെങ്കിലും ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ ഓഫർ നിരസിച്ചു.

2016ലും 2021ലും മധുരൈ സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PALANIVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360