SignIn
Kerala Kaumudi Online
Thursday, 10 September 2026 11.27 AM IST

കിടക്ക പങ്കിടാൻ വിമുഖത കാണിച്ചു, കൊലപ്പെടുത്തി

ankita

ഡെറാഡൂൺ : ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയുടെ മരണത്തിന് മുമ്പ് മുഖ്യപ്രതി പുൽകിത് ആര്യയും മറ്റു രണ്ടു പേരും ചേർന്ന് അങ്കിതയെ വി.ഐ.പികളുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ശക്തമായി എതിർത്തതിനെത്തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം. വി.ഐ.പികൾക്ക് 'പ്രത്യേക സേവനം" നൽകാൻ തന്നെ നിർബന്ധിക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് സുഹൃത്തിനയച്ച വാട്സ്ആപ്പ് ചാറ്രുകൾ പുറത്തു വന്നിട്ടുണ്ട്. റിസോർട്ടിലെത്തുന്ന വി.ഐ.പികൾക്ക് പ്രത്യേക സേവനം നൽകാൻ തുക വാഗ്ദാനം ചെയ്തുവെന്നും പാവപ്പെട്ടവളായ തന്നെ വില പറയുന്നതിൽ ദുഃഖമുണ്ടെന്നുമായിരുന്നു സന്ദേശം.

ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ,​ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ,​ അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. കാണാതാവുന്നതിന് മുമ്പ് യുവതി ഇവർക്കൊപ്പമുണ്ടായിരുന്നു എന്നതിന് സി.സി ടിവി തെളിവുകൾ ലഭിച്ചിട്ടുണ്ട്. മന്ത്രിക്ക് തുല്യമായ പദവിയുണ്ടായിരുന്ന മുൻ സംസ്ഥാന ബോർഡ് ചെയർമാൻ വിനോദ് ആര്യ,​ സഹോദരനും ബി.ജെ.പി പ്രവർത്തകനുമായ അങ്കിത് ആര്യ എന്നിവരെ സംഭവത്തെത്തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു.

കേസിൽ പൊലീസ് നടപടികൾ വൈകുകയാണെന്നും എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യാൻ കാലതാമസം ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം പൊലീസിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും റവന്യു ഉദ്യോഗസ്ഥർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് തങ്ങൾക്കുള്ളതെന്നും അതിനാലാണ് കാലതാമസം ഉണ്ടായതെന്നും സംസ്ഥാന പൊലീസ് മേധാവി അശോക് കുമാ‌ർ പ്രതികരിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരമാണ് റിസോർട്ട് പൊളിച്ചതെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഹീനമായ കുറ്റകൃത്യം നടത്തിയത് ആരാണെങ്കിലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു.

പുൽകിതിനെതിരെ തെളിവായി ഓ‌ഡിയോ ക്ലിപ്പുകൾ

യുവതിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായ പുൽകിത് ആര്യയ്ക്കെതിരെ ശക്തമായ തെളിവുകളായി രണ്ട് ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. കൊല്ലപ്പെട്ട യുവതിയുടെ അടുത്ത സുഹൃത്തായ പുഷ്പും പ്രതി പുൽകിതും തമ്മിലുള്ള സംഭാഷണമാണ് ഇതിലുള്ളത്. കുറ്രകൃത്യത്തിൽ തനിക്കുള്ള പങ്ക് മറച്ചുവയ്ക്കാനും അന്വേഷണത്തെ വഴി തിരിച്ചു വിടാനും പുൽകിത് ശ്രമിക്കുന്നതായി ഈ സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭാഷണത്തിനിടെ ഒരു ഘട്ടത്തിൽ പുഷ്പിനോട് പുൽകിത് അവൾ നിന്റെ കൂടെയുണ്ടോയെന്ന് ചോദിക്കുന്നുണ്ട്. കൊലപാതകം പുഷ്പിന്റെ മേൽ കെട്ടിവയ്ക്കാൻ പ്രതി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു ചോദ്യം എന്നാണ് പൊലീസിന്റെ അനുമാനം. പുഷ്പ് അടുത്ത സുഹൃത്താണെന്നറിഞ്ഞതോടെ ഇയാളെ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെയാകാം മൃതദേഹം കനാലിൽ തള്ളിയതെന്ന് സംശയിക്കുന്നു.

ഫോൺ ഉണ്ടായിട്ടും അവൾ തന്നെ വിളിച്ചില്ലെന്നും താൻ മൂന്ന് തവണ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പുഷ്പ് പറയുന്നുണ്ട്. തലേന്ന് റിസോർട്ടിൽ എത്തിയിട്ട് എട്ടരയോടെ വിളിക്കാമെന്നു പറഞ്ഞെങ്കിലും യുവതി വിളിക്കാത്തതിനെത്തുടർന്നാണ് പുഷ്പ് അന്വേഷിച്ചത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചോ എന്ന പുഷ്പിന്റെ ചോദ്യത്തിൽ നിന്ന് പുൽകിത് ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോഴും സുഹൃത്തിനെ പ്രതിയാക്കാൻ പുൽകിത് ശ്രമിച്ചു എന്ന റിപ്പോർട്ടുകളുണ്ട്. രണ്ടാമത്തെ ഓ‌‌‌ഡിയോ ക്ലിപ്പിൽ താൻ അങ്കിതിനെ അന്വേഷിക്കുകയാണെന്ന് പുൽകിത് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അവളുടെ സുഹൃത്തുക്കളുടെയെല്ലാം കാൾ വിവരങ്ങൾ പൊലീസ് പരിശോധിക്കുമെന്നും അതെല്ലാവർക്കും പ്രശ്നമുണ്ടാക്കുമെന്നും അയാൾ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. ഇത് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്താനും അന്വേഷണത്തെ സ്വാധീനിക്കാനുമുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്. യുവതി തലേ ദിവസം രാത്രി 9 വരെ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും അടുത്ത ദിവസം രാവിലെ മുതൽ അവളെ കാണാനില്ലെന്നുമാണ് പ്രതിയുടെ മൊഴി. യുവതിയുടെ ഫോൺ,​ മൃതദേഹം കനാലിൽ തള്ളിയ കൂട്ടത്തിൽ വീണിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360