SignIn
Kerala Kaumudi Online
Saturday, 19 September 2026 1.37 PM IST

ഗുജറാത്തിൽ വൻ റോഡ് ഷോയുമായി പ്രധാനമന്ത്രി

road-show

ന്യൂഡൽഹി: ബി.ജെ.പിക്ക് അഭിമാന പോരാട്ടമായ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുദീർഘമായ റോഡ് ഷോ. അഹമ്മദാബാദിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ റോഡ് ഷോ മൂന്നര മണിക്കൂറിനുള്ളിൽ താണ്ടിയത് 50 കിലോമീറ്റർ.

2002ലെ ഗുജറാത്ത് കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ നരോദ ഗാമിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. തക്കർബാപ്പനഗർ, ബാപ്പുനഗർ, നിക്കോൾ, അമ്റൈവാഡി, മണിനഗർ, ഡാനിലിംബ്ദ, ജമാൽപൂർ ഖാദിയ, എലിസ്ബ്രിഡ്ജ്, വെജൽപൂർ, ഘട്‌ലോഡിയ, നാരൺപൂർ, സബർമതി എന്നിവയുൾപ്പെടെ 16 മണ്ഡലങ്ങൾ കടന്ന് ഗാന്ധിനഗർ സൗത്തിൽ ഷോ സമാപിച്ചു.

മാലകളാൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ സഞ്ചരിച്ച പ്രധാനമന്ത്രി റോഡിന് ഇരുവശത്തും നിന്ന വോട്ടർമാരെ അഭിവാദ്യം ചെയ്‌തു. ഒരു ആംബുലൻസിന് കടന്നു പോകാനായി ഇടയ്‌ക്ക് വാഹനവ്യൂഹം റോഡരികിലേയ്ക്ക് ഒതുക്കി.

പണ്ഡിറ്റ് ദിൻദയാൽ ഉപാദ്ധ്യായ, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സ്മാരകങ്ങളുള്ള ഇടങ്ങളിൽ ഇറങ്ങി മോദി പുഷ്‌പഹാരം അർപ്പിച്ചു. ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റെ ഏറ്റവും ദൈർഘ്യമേറിയ റോഡ് ഷോയാണ് ഇന്നലെ പ്രധാനമന്ത്രി നടത്തിയതെന്ന് ബി.ജെ.പി അവകാശപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 20 റാലികളിലാണ് മോദി പങ്കെടുത്തത്. രണ്ടാം ഘട്ടത്തിന് മുന്നോടിയായി മറ്റ് ഏഴ് റാലികളിൽ കൂടി പങ്കെടുക്കും.

രാവണൻ പരാമർശത്തോട് പ്രതികരിച്ച് മോദി

രാമഭക്തരുള്ള ഗുജറാത്തിൽ തനിക്കെതിരായ രാവണൻ പരാമർശം വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരാമർശം നടത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പാവമാണെന്നും അദ്ദേഹത്തെ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമഭക്തരുടെ മുന്നിൽ വച്ചാണ് എന്നെ നൂറ് തലകളുള്ള രാവണൻ എന്ന് വിളിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ അംഗീകരിക്കാത്ത പാർട്ടിയാണത്. അതിനാണ് രാവണനെ കൊണ്ടുവന്നത്. മോദിയെ അധിക്ഷേപിക്കുന്നതും താഴ്‌ത്തിക്കെട്ടുന്നതും തങ്ങളുടെ അവകാശമായി കോൺഗ്രസ് പാർട്ടി കരുതുന്നു. ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ ഇതു ചെയ്യില്ല. ഗുജറാത്തിലെ ജനങ്ങളോട് ഇത്രയധികം വെറുപ്പ് പാടില്ല.

തന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരമാണെന്നും എല്ലാം ഒരു കുടുംബത്തെ പ്രീതിപ്പെടുത്താനാണെന്നും ഗാന്ധി കുടുംബത്തിന്റെ പേരു പറയാതെ മോദി കുറ്റപ്പെടുത്തി. ആ കുടുംബത്തെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും. അതൊരു ഫാഷനായി. കോൺഗ്രസ് തന്റെ മേൽ എത്ര ചേറു പുരട്ടുന്നുവോ അത്രയും കൂടുതൽ താമര പൂക്കുമെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360