SignIn
Kerala Kaumudi Online
Tuesday, 02 June 2026 11.39 PM IST

എൽ പി സീതാറാം സിബിഎസ്ഇ പുതിയ ചെയർമാൻ, വരുൺ ഭരദ്വാജ് സെക്രട്ടറിയാകും

cbse-chairman

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചകൾക്ക് പിന്നാലെ കേന്ദ്രസർക്കാർ സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പുതിയ ചെയർമാനെയും സെക്രട്ടറിയെയും സർക്കാർ നിയമിച്ചിട്ടുണ്ട്. എൽ പി സീതാറാം, വരുൺ ഭരദ്വാജ് എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് നിയമിതരായത്. സിബിഎസ്ഇ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രാഹുൽ സിംഗിനെ കാർഷികവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും ഗുപ്‌തയെ ആഭ്യന്തര വകുപ്പിലെ പരേഡ് കേഡറിലും നിയമിച്ചു. 2030 ഡിസംബറിൽ അദ്ദേഹത്തിന് മറ്റൊരു കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കും.

നേരത്തെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. ഓൺ സ്‌ക്രീൻ മാർക്കിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കാൻ ഏകാംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്സണായ എസ് രാധാ ചൗഹാനാകും ഇത് അന്വേഷിക്കുക. പൂർണമായും ഡിജിറ്റൽ ഓൺസ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതിയിലേക്ക് മാറാൻ സിബിഎസ്ഇ തീരുമാനിച്ചത് ഇക്കൊല്ലമാണ്.


ഉത്തര കടലാസുകളുടെ സ്‌കാൻ ചെയ്ത കോപ്പികളിൽ മതിയായ തെളിച്ചമില്ലെന്നും പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിന്നാലെ കുട്ടികളും രക്ഷകർത്താക്കളും അറിയിച്ചു, ചിലർക്കാകട്ടെ മറ്റ് കുട്ടികളുടെ ഉത്തരകടലാസാണ് കിട്ടിയതെന്നും പരാതി ഉയർന്നിരുന്നു. ഉത്തരകടലാസുകൾക്കായി അപേക്ഷിക്കുകയും അതിന് പണമടക്കുകയും ചെയ്ത വിദ്യാർത്ഥികൾ വ്യാപകമായി പരാതി പറഞ്ഞതോടെ ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ വിദഗ്ദ്ധരെ സഹായത്തിനായി വിളിച്ചിരുന്നു.


ഇതിനിടെ ഔദ്യോഗിക പോർട്ടലിന് നേരെ സൈബർ ആക്രമണമുണ്ടായതായി സിബിഎസ്ഇ വ്യക്തമാക്കി. അപേക്ഷാ വിതരണം ആരംഭിച്ച ആദ്യ ദിനത്തിലാണ് പോർട്ടലിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ സൈബർ ആക്രമണത്തിനുള്ള ശ്രമങ്ങൾ ഉണ്ടായതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള സൈറ്റിലാണ് ആക്രമണം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് സിബിഎസ്ഇ റീവാലുവേഷൻ പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ ആക്രമണം അഴിച്ചുവിട്ടതെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.


എന്നാൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് പോർട്ടൽ പൂർണമായും പ്രവർത്തനസജ്ജമായി തുടരുന്നതായി സിബിഎസ്സി അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ലൈവ് ആയ പോർട്ടൽ യാതൊരുവിധ തടസങ്ങളുമില്ലാതെയാണ് വിദ്യാർത്ഥികൾക്കായി സേവനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE, LP SEETARAM, VARUN BHARADWAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360