SignIn
Kerala Kaumudi Online
Tuesday, 02 June 2026 8.57 AM IST

'ദെെവത്തെ ആശ്രയിച്ചാൽ സമ്മർദങ്ങളെ നേരിടാം'; അന്നയുടെ മരണത്തിൽ വിചിത്ര പ്രതികരണവുമായി നിർമല  സീതാരാമൻ

READ ENGLISH VERSION
nirmala-sitharaman

ചെന്നെെ: ജോലി സമ്മർദത്തെ തുടർന്ന് മലയാളി അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ വിചിത്ര പരമാർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വീടുകളിൽ നിന്ന് കുട്ടികൾക്ക് സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം. ദെെവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് അന്നയുടെ മരണത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചത്. ചെന്നെെയിലെ സ്വകാര്യ കോളേജിലെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു നിർമല സീതാരാമൻ.

'രണ്ട് ദിവസം മുൻപ് ജോലി സമ്മർദം കാരണം ഒരു പെൺകുട്ടി മരണപ്പെട്ടതായി വാർത്ത കണ്ടു. കോളേജുകൾ വിദ്യാർത്ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംമ്പസ് റിക്രൂട്ട്‌മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മ‌ർദങ്ങളെ നേരിടാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം. എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകാണം. ദെെവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ', - കേന്ദ്ര ധനമന്ത്രി പറഞ്ഞു.

അതേസമയം, അമിതജോലിഭാരം കാരണം യുവ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോർട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് മാസം മുൻപാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയിൽ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയിൽ പരീക്ഷകൾ ജയിച്ച അന്ന. ചാർട്ടേഡ് അക്കൗണ്ടൻസി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാർച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം.

അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ എണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രസ‌ർക്കാർ ഉത്തരവിട്ടത്. ഉറങ്ങാൻപോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴിൽമത്സരം. അതാണ് അന്നയെ തളർത്തിയതെന്നും സംസ്‌കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്നും കുടുംബം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NIRMALA SITHARAMAN, ANNA, STRESS, WORK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360