SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.47 PM IST

വെള്ളവും പെർഫ്യൂമും മാത്രമല്ല; ഇവയും വിമാനത്തിൽ ദ്രാവകങ്ങളുടെ പട്ടികയിൽ,​ ഫ്ലൈറ്റിൽ പോകുമ്പോൾ എത്ര അളവ് വരെ കൊണ്ടുപോകാം

ai-image-

എയർപോർട്ട് സെക്യൂരിറ്റി ചെക്കിംഗിനിടെ കൈയിലുള്ള വാട്ടർ ബോട്ടിലോ, പെർഫ്യൂമോ, ലോഷനോ 100 മില്ലി ലിറ്ററിൽ കൂടുതലാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുന്നത് മിക്ക വിമാനയാത്രക്കാരും നേരിട്ടിട്ടുള്ള പ്രശ്നമാണ്. പലർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്. എന്തുകൊണ്ടാണ് വിമാനയാത്രയിൽ ദ്രാവകങ്ങൾക്ക് കൃത്യമായി 100 മില്ലി ലിറ്റർ പരിധി നിശ്ചയിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഈ നിയമത്തിൽ ഇത്ര കർശനമായി നിലകൊള്ളുന്നത്? ഇതിന് പിന്നിൽ ലോകത്തെയാകെ നടുക്കിയ ഒരു ഭീകരാക്രമണ പദ്ധതിയുടെ ചരിത്രമുണ്ട്.

വിമാനങ്ങളിൽ ദ്രാവകങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രധാന കാരണം 2006ൽ യുകെയിൽ സുരക്ഷാ ഏജൻസികൾ തകർത്ത ഒരു വൻ ഭീകരാക്രമണ പദ്ധതിയാണ്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ രൂപത്തിൽ മാരകമായ ദ്രാവക രൂപത്തിലുള്ള സ്‌ഫോടകവസ്തുക്കൾ വിമാനത്തിനുള്ളിൽ എത്തിച്ച്, യാത്രയ്ക്കിടയിൽ അവ കൂട്ടിച്ചേർത്ത് സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യം.

വ്യോമയാന മേഖലയെ ആകെ പിടിച്ചുകുലുക്കിയ ആ ഒരു സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയത്. ഇന്ത്യ, യു.എസ്, യു.കെ, യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ളവർ ഹാൻഡ് ബാഗേജുകളിൽ ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കുറഞ്ഞ അളവിലുള്ള ദ്രാവകങ്ങൾ പരിശോധിക്കാനും അവ ഭീഷണിയല്ലെന്ന് ഉറപ്പുവരുത്താനും എളുപ്പമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് '100 മില്ലി ലിറ്റർ പരിധി' നിലവിൽ വന്നത്.

കുപ്പിയുടെ അളവാണ് പ്രധാനം. നിങ്ങളുടെ 200mന്റെ പെർഫ്യൂം കുപ്പിയിൽ വെറും 10ml ദ്രാവകം മാത്രമേ ഉള്ളൂ എങ്കിലും സുരക്ഷാ പരിശോധനയിൽ അത് പിടിച്ചെടുക്കും. കാരണം, ഉള്ളിലുള്ള ദ്രാവകത്തിന്റെ അളവല്ല, അത് സൂക്ഷിച്ചിരിക്കുന്ന കുപ്പിയുടെ അല്ലെങ്കിൽ കണ്ടെയനറിന്റെ പരമാവധി അളവാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. നിങ്ങൾ കൊണ്ടുപോകുന്ന 100ml വരെയുള്ള ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ ഒരു സിപ്പ്‌ലോക്ക് സുതാര്യമായ പ്ലാസ്റ്റിക് കവറിൽ ഒതുങ്ങുന്നതായിരിക്കണം. ഇത് പരിശോധനകൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.

വെള്ളം, ജ്യൂസ് എന്നിവ മാത്രമല്ല, പെർഫ്യൂം, ബോഡി സ്‌പ്രേ, ഷാംപൂ, ലോഷൻ, ഫേസ് ക്രീം, ടൂത്ത് പേസ്റ്റ്, ഫേസ് വാഷ്, ഹെയർ ജെൽ, ഷേവിംഗ് ഫോം, ജാം, പീനട്ട് ബട്ടർ എന്നിവയെല്ലാം വ്യോമയാന നിയമപ്രകാരം ദ്രാവകങ്ങളുടെ പരിധിയിലാണ് വരുന്നത്. ഇതറിയാത്തതുകൊണ്ടാണ് പല യാത്രക്കാരുടെയും സാധനങ്ങൾ എയർപോർട്ടിൽ തടഞ്ഞുവയ്ക്കുന്നത്. കുഞ്ഞുങ്ങൾക്കുള്ള പാൽ, ഭക്ഷണം, യാത്രയിൽ അത്യാവശ്യം വേണ്ട മരുന്നുകൾ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ), പ്രത്യേക ഡയറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്ക് ഇളവുകൾ ലഭിക്കുന്ന സാഹചര്യങ്ങളുമുണ്ട്. സെക്യൂരിറ്റി ചെക്കിംഗിന് ശേഷം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന, കൃത്യമായി സീൽ ചെയ്ത സാധനങ്ങൾക്കും ഇളവ് ലഭിക്കും. പുതിയ സ്‌കാനിംഗ് സാങ്കേതികവിദ്യകൾ വന്നതോടെ മിക്ക വിമാനത്താവളങ്ങളും ഈ നിയമത്തിൽ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഭൂരിഭാഗം എയർപോർട്ടുകളും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇപ്പോഴും 100ml നിയമം തന്നെയാണ് കർശനമായി പിന്തുടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LIQUID ON FLIGHT, LATESTNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360