SignIn
Kerala Kaumudi Online
Friday, 17 July 2026 1.59 AM IST

ഗ്രൗണ്ടിൽ ഫാക്‌ലാൻഡ് ബാനറുമായി അർജന്റീന താരങ്ങൾ, വിവാദം

argentina

അറ്റ്‌ലാന്റ : കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫാക്‌ലാൻഡ് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി വർഷങ്ങളായി ഇംഗ്ളണ്ടും അർജന്റീനയും തമ്മിലുള്ള തർക്കം ലോകകപ്പ് വേദിയിലേക്കെത്തിച്ച് അർജന്റീന കളിക്കാർ. സെമിയിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചശേഷം ഫാക്‌ലാൻഡ് തങ്ങളുടേതാണെന്ന രീതിയിലെ വാചകം ഉൾക്കൊള്ളുന്ന ബാനറുമായി അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ വിജയം ആഘോഷിക്കുകയായിരുന്നു.'' മാൽവിനാസുകാർ അർജന്റീനക്കാരാണ് "" എന്നായിരുന്നു ബാനറിന്റെ ഉള്ളടക്കം. ഫാക്‌ലാൻഡ് ദ്വീപിനെ അർജന്റീനക്കാർ മാൽവിനാസ് എന്നാണ് വിളിക്കുന്നത്.

മത്സരത്തിന് മുന്നേ ഗാലറിയിയിൽ അർജന്റീനാ ആരാധകർ ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. കളി കഴിഞ്ഞയുടൻ അർജന്റീന താരം ജിയോവന്നി ലോ സെൽസോ ഈ ബാനറുമായി പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടൻ മറ്റ് കളിക്കാരും ബാനറിനൊപ്പം കൂടി. ഇവർ ഇത് ഗ്രൗണ്ടിൽ പതിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിലോ സ്റ്റേഡിയത്തിലോ ടീമുകളോ കളിക്കാരോ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ബാനറുകളോ പോസ്റ്ററുകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് ഫിഫ നിയമം. അർജന്റീന ഫിഫ നിയമം ലംഘിച്ചെന്നും ഇതിന് പിന്നിലെ ഗൂഢാലോചന ഫിഫ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ബ്രിട്ടീഷ് ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സെമിഫൈനലിന് മുമ്പുതന്നെ അർജന്റീന ഗവൺമെന്റ് ഫാക്‌ലാൻഡ് ദ്വീപുകളിലെ തങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന രീതിയിൽ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അർജന്റീനയ്ക്ക് എതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.

ഫാക്‌ലാൻഡ് യുദ്ധം

കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫാൽക്കൻ ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി 190 വർഷത്തോളമായി അർജന്റീനയും ഇംഗ്ളണ്ടും തമ്മിൽ തർക്കത്തിലാണ്. അർജന്റീനയ്ക്ക് 480 കിലോമീറ്റർ അകലെയാണ് ഫാക്‌ലാൻഡ് ദ്വീപ്. ഇംഗ്ളണ്ടിൽ നിന്ന് 13000കിലോമീറ്റർ അകലെയും. 1982ൽ അർജന്റീന ദ്വീപിൽ സൈനികാവകാശം ഉറപ്പിക്കാനിറങ്ങിയപ്പോൾ ഇംഗ്ളണ്ടുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പത്താഴ്ച നീണ്ട നാവിക യുദ്ധത്തിൽ 649 അർജന്റീനക്കാരും 255 ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 74 ദിവസങ്ങൾക്ക് ശേഷം അർജന്റീന തോൽവി സമ്മതിച്ചു. ഈ തോൽവിക്ക് ശേഷമാണ് മറഡോണയുടെ അർജന്റീന 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെ ക്വാർട്ടറിൽ തോൽപ്പിച്ചത്. തുടർന്ന് ഇരുവരും ലോകകപ്പിൽ മുഖാമുഖം വന്നപ്പോഴെല്ലാം ഇതിന്റെ അനുരണനങ്ങളുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360