
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അർജന്റീന സെമിയിൽ 2-1ന് ഇംഗ്ളണ്ടിനെ തോൽപ്പിച്ചു
അറ്റ്ലാന്റ : ലോകകപ്പിൽ ഒരിക്കൽക്കൂടി തോൽവിയുടെ വക്കത്തുനിന്ന് സമ്മർദ്ദക്കൊടുമുടികളെ വകഞ്ഞുമാറ്റി അർജന്റീനയുടെ അശ്വമേധം. സെമിഫൈനലിന്റെ 85-ാം മിനിട്ടിലേക്ക് എത്തുന്നതുവരെ ഒരു ഗോളിന് മുന്നിൽനിന്ന ഇംഗ്ളണ്ടിനെ അവസാന ഏഴുമിനിട്ടിനിടെ നേടിയ രണ്ടു ഗോളുകളിൽ മുക്കി അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു. ലീഡ് വഴങ്ങിയാൽപോലും ഫൈനൽ വിസിൽ മുഴുങ്ങുവോളം മെസി കളത്തിലുണ്ടെങ്കിൽ അർജന്റീനയെ തോറ്റുപോകുമെന്ന് കരുതരുതെന്ന് ഒരിക്കൽക്കൂടി എതിരാളികളെ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ഈ വിജയം. ഇന്നലെ അർജന്റീന നേടിയ രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയാർന്ന പാസുകൾ.
പന്തിനേക്കാൾ എതിരാളികളുടെ ദേഹത്ത് തൊടുന്നതിൽ ഇരുടീമുകളും ആവേശം കണ്ടെത്തിയ ആദ്യ പകുതി സംഭവബഹുലമെങ്കിലും ഗോൾരഹിതം. രണ്ടാം പകുതി 10 മിനിട്ട് പിന്നിട്ടപ്പോൾ അന്തോണി ഗോർഡന്റെ ഗോളിൽ ഇംഗ്ളണ്ട് മുന്നിൽ. ഒരു ഗോളിന്റെ ലീഡ് കിട്ടിയതോടെ പതിയെ പ്രതിരോധത്തിലേക്ക് നീങ്ങിയ ഇംഗ്ളീഷുകാർ. അടികിട്ടിയതോടെ ഉണർന്നുകളിച്ച അർജന്റീനക്കാർ. ഇംഗ്ളീഷ് ഗോളി യോർദാൻ പിക്ഫോർഡിന്റെ പൊന്നുംവിലയുള്ള മിന്നും സേവുകൾ നിക്കോളാസ് ഗോൺസാലസിന്റേയും പരേഡേസിന്റേയും എൻസോയുടെയുമൊക്കെ ശ്രമങ്ങളെ തടുത്തിടുകയും തട്ടിക്കളയുകയും ചെയ്തപ്പോൾ ഇംഗ്ളീഷുകാർ അറിഞ്ഞിരുന്നില്ല ശരിക്കുമുള്ള മെസിമാജിക്ക് വാനിരിക്കുന്നതേയുളളൂവെന്ന്. 85-ാം മിനിട്ടിൽ മെസിയുടെ ഒരു കണിശതയാർന്ന പാസിൽനിന്ന് എൻസോ തൊടുത്ത വെടിയുണ്ട ആദ്യം ഇംഗ്ളണ്ടിന്റെ ഇടനെഞ്ചിൽ തറച്ചു. പിന്നാലെ ഇൻജുറി ടൈമിന്റെ തുടക്കത്തിൽ മക്അലിസ്റ്ററിന്റെ ഒരു ഷോട്ട് പോസ്റ്റിൽതട്ടി തെറിച്ചതിന് പിന്നാലെ മെസിയുടെ ഹൈക്രോസിന് തലവച്ച് ലൗതാരോ മാർട്ടിനെസ് രണ്ടാം ഗോളും നേടിയതോടെ ഇംഗ്ളണ്ട് ക്ളോസ്.! തുടർന്ന് ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ സമനിലപിടിക്കാൻ ഇംഗ്ളണ്ട് നോക്കിയെങ്കിലും പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് അർജന്റീന വിജയം സ്വന്തമാക്കി.
ഗോളുകൾ ഇങ്ങനെ
0-1
55-ാം മിനിട്ട്
ആന്തണി ഗോർഡൻ
പന്തുമായി വലതുവിംഗിലൂടെ വട്ടമിട്ടു കളിച്ച മോർഗൻ റോജേഴ്സ് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോർഡനെ ലക്ഷ്യമാക്കി ക്രോസ് ചെയ്യുന്നു. തന്നെ മാർക്ക് ചെയ്യാൻ ഒപ്പമുണ്ടായിരുന്ന മൊളീനയെ അപ്രസക്തനാക്കി വന്നവരവിൽ കാലുയർത്തി ഗോർഡൻ പന്ത് വലയിലേക്ക് തട്ടിയിടുന്നു. ഗോളി എമിലിയാനോ മാർട്ടിനെസ് ഡൈവ് ചെയ്തിട്ടും ഫലമുണ്ടായില്ല.
1-1
85-ാം മിനിട്ട്
എൻസോ ഫെർണാണ്ടസ്
തുടർച്ചയായുള്ള ആക്രമണങ്ങൾ വിഫലമായെങ്കിലും വീര്യം വിടാതെ കളിച്ച മെസി വലതുവിംഗിൽ നിന്ന് ബോക്സിന് പുറത്തുണ്ടായിരുന്ന എൻസോയ്ക്ക് പാസ് നൽകി മുന്നോട്ടോടിക്കയറി. പന്ത് കിട്ടി എൻസോ ബോക്സിന് പുറത്തുനിന്ന് റോക്കറ്റ് വേഗത്തിൽ തൊടുത്ത ഒരു ഷോട്ട് പിക്ഫോഡിനെയും കടന്ന് വലയിലേക്ക്.
2-1
90+2-ാം മിനിട്ട്
ലൗതാരോ മാർട്ടിനെസ്
വലതുവിംഗിൽ സ്വന്തന്ത്രനായിരുന്ന മെസി തനിക്ക് കിട്ടിയ പന്തുമായി മുന്നോട്ടോടിക്കയറി ബോക്സിന് സമാന്തരമായി ഉയർത്തി ക്രോസ് ചെയ്തപ്പോൾ ചാടിയുയർന്ന് തലവച്ച് ലൗതാരോ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിക്കുന്നു.
ഉന്തും തള്ളും
തർക്കവും
ചിരവൈരികളായ അർജന്റീനയും ഇംഗ്ളണ്ടും തമ്മിൽ സെമിഫൈനലിനിറങ്ങിയപ്പോൾ തന്നെ അന്തരീക്ഷം വരിഞ്ഞുമുറുകിയിരുന്നു. ഇരുടീമിലെയും താരങ്ങൾ തമ്മിൽ ഉന്തും തള്ളും ഫൗളും തർക്കവുമൊക്കെ നിറഞ്ഞതായിരുന്നു ആദ്യ പകുതി. ജൂഡ് ബെല്ലിംഗ്ഹാമിനെയും ഹാരി കേനിനേയും ബോക്സിലേക്ക് കയറാൻ അനുവദിക്കാതെ തടുക്കുന്നതിലായിരുന്നു അർജന്റീന പ്രതിരോധത്തിന്റെ ശ്രദ്ധ. തന്നെ പലതവണ ഫൗൾ ചെയ്ത ഗ്വിലിയാനോ സിമയോണിയോട് ജൂഡ് കയർക്കുകയും ചെയ്തു. ഫൗളുകൾ അധികരിച്ചപ്പോൾ 37-ാം മിനിട്ടിൽ റഫറി ഇംഗ്ളണ്ടിന്റെ എലിയട്ട് ആൻഡേഴ്സണിനെതിരെ മഞ്ഞക്കാർഡ് പുറത്തെടുത്തു.42-ാം മിനിട്ടിൽ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസും മഞ്ഞകണ്ടു.രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീനക്കാരായ റൊമേറോയ്ക്കും ഡി പോളിനും മഞ്ഞകിട്ടി. മത്സരത്തിനിടെ മെസിയും ജൂഡുമായും വാക്കേറ്റമുണ്ടായി. കളികഴിഞ്ഞപ്പോൾ ഇരുടീമുകളും തർക്കിച്ച് തമ്മിലടിക്കാൻ ഒരുങ്ങിയെങ്കിലും റഫറി ഇടപെട്ട് പ്രശ്നം ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |