SignIn
Kerala Kaumudi Online
Friday, 31 July 2026 7.15 AM IST

സ്പോർട്സ് കൗൺസിലിന്റെ 'ടെക്നിക്കൽ ' കളിക്ക് കോടതിയുടെ ചുവപ്പുകാർഡ്

ചെസിന് ടെക്നിക്കൽ കമ്മറ്റിയെ വച്ച നടപടി കോടതി റദ്ദാക്കി

തിരുവനന്തപുരം : സ്പോർട്സ് ആക്‌ടും റൂളും പാലിക്കാതെ സംസ്ഥാനത്തെ ചെസ് അസോസിയേഷന്റെ അഫിലിയേഷൻ റദ്ദാക്കി പകരം ടെക്നിക്കൽ അസോസിയേഷനെ നിയമിച്ച സ്പോർട്സ് കൗൺസിലിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ചെസ് ഉൾപ്പടെ അഞ്ച് കായിക അസോസിയേഷനുകളിൽ ടെക്നിക്കൽ കമ്മറ്റിയെ നിയമിച്ച സ്പോർട്സ് കൗൺസിലിന്റെ മുൻ ഭരണസമിതിയുടെ തീരുമാനങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ടെക്നിക്കൽ കമ്മറ്റികളെ വച്ച് സംസ്ഥാനത്തെ കായിക അസോസിയേഷനുകളെ തകർത്ത സ്പോർട്സ് കൗൺസിലിന്റെ നടപടികളെക്കുറിച്ച് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ചെസ് അസോസിയേഷനെതിരായ പരാതികളുടെ അടിസ്ഥാനത്തിൽ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ 2024 ജൂലായ് 10ലെ കൗൺസിൽ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വാഭാവിക നീതി നടപ്പാക്കാതെയും അസോസിയേഷന് പറയാനുള്ളത് കേൾക്കാതെയുമാണ് കൗൺസിൽ തീരുമാനമെടുത്തതെന്ന് വിധിയിൽ പറയുന്നു. താത്കാലിക ഭരണസമിതിയെ നിയമിക്കാൻ സ്പോർട്സ് ആക്ട് സെക്ഷൻ 31എ പ്രകാരം ദേശീയ ഫെഡറേഷന്റെ അഭിപ്രായം തേടേണ്ടത് നിർബന്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.വർഷങ്ങളോളം സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകുന്നത് കായിക മേഖലയ്ക്ക് ദോഷകരമാണെന്നും വിധിയിൽ പറയുന്നു.

കബഡി, ഹോക്കി, ചെസ്,വോളിബാൾ,ബോക്സിംഗ് എന്നീ കായിക അസോസിയേഷനുകൾക്ക് പകരമാണ് കഴിഞ്ഞ കൗൺസിൽ ഭരണസമിതി ടെക്നിക്കൽ കമ്മറ്റികൾ വച്ചിരിക്കുന്നത്. കായിക അസോസിയേഷനുകളിലെ തർക്കങ്ങൾ കോടതി കയറുമ്പോൾ അസോസിയേഷനുകൾ പിടിച്ചെടുക്കാനുള്ള കുറുക്കുവഴിയായാണ് ടെക്നിക്കൽ കമ്മറ്റികൾ രൂപീകരിച്ചിരുന്നത്. കായിക താരങ്ങളുടെ ക്ഷേമത്തിനായുള്ള താത്കാലികസംവിധാനമെന്നാണ് കമ്മിറ്റി രൂപീകരണ ഉത്തരവിൽ പറയുന്നതെങ്കിലും കൗൺസിൽ തിരഞ്ഞെടുപ്പിൽ കായിക അസോസിയേഷൻ വോട്ടുറപ്പിക്കാനും രാഷ്ട്രീയ എതിർപ്പുള്ള അസോസിയേഷനുകളെ ഛിന്നഭിന്നമാക്കാനുമുള്ള ടെക്നിക്കായും ടെക്നിക്കൽ കമ്മറ്റി മാറി. പുതിയ സർക്കാർ വന്നിട്ടും ഈ ടെക്നിക്കൽ കമ്മറ്റികൾ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360