
കെ.സി.എൽ മൂന്നാം സീസണിൽ തൃശൂർ ടൈറ്റൻസ് ചാമ്പ്യന്മാർ
ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 4 വിക്കറ്റിന് കീഴടക്കി
തിരുവനന്തപുരം: കാലിക്കറ്റിന്റെ ഖൽബ് തകർത്ത് കെ.സി.എൽ കിരീടം തൂക്കി തൃശൂർ ടൈറ്റൻസ്. ഇന്നലെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികളെ ആവേശത്തിൽ ആറാടിച്ച ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 4 വിക്കറ്റിന് കീഴടക്കിയാണ് തൃശൂരിന്റെ പട്ടാഭിഷേകം. കാലിക്കറ്റ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് തൃശൂർ 3 പന്ത് ശേഷിക്കെ കുതിച്ചെത്തുകയായിരുന്നു. സ്കോർ: കൊല്ലം 167/9 (20 ഓവർ), തൃശൂർ 169/6 (19.3 ഓവർ).
ഇമ്രാനാണ് താരം
49 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 69 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് തൃശൂരിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ഫൈനലിലെ താരവും ഇമ്രാൻ തന്നെയാണ്. ഓപ്പണർമാരായ വിഷ്ണു രാജും ( 3 പന്തിൽ 8), കെ.ആർ രോഹിതും (11 പന്തിൽ 18) പവലിയനിൽ തിരിച്ചെത്തുമ്പോൾ 3.2 ഓവറിൽ 39/2 എന്ന നിലയിലായിരുന്നു തൃശൂർ. എന്നാൽ തുടർന്ന് സഞ്ജീവ് സതീശനെ (29) കൂട്ടുപിടിച്ച് ഇമ്രാൻ തൃശൂരിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരേയും 16 -ാം ഓവറിൽ ജോസ് പേരയിൽ മടക്കിയെങ്കിലും പിന്നീടെത്തിയ ക്യാപ്ടൻ അഖിലും (പുറത്താകാതെ 11 പന്തിൽ 19), നിഖിൽ തോട്ടത്ത് (9 പന്തിൽ 14), മുഹമ്മദ് ഇനാൻ (8), അർജുൻ (പുറത്താകാതെ 1) എന്നിവരെല്ലാം ചേർന്ന് ടീമിന്റെ ജയമുറപ്പിച്ചു. അവസാന ഓവറിൽ തൃശൂരിന് 4 റൺസാണ് വേണ്ടിയിരുന്നത്. ഇബ്നുൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ തന്നെ മ ുഹമ്മദ് ഇനാൻ (3 പന്തിൽ 8) പുറത്തായി. എന്നാൽ മൂന്നാം പന്തിൽ ഫോറടിച്ച് അഖിൽ തൃശൂരിന്റെ വിജയറൺസ് നേടി. ജോസിനെക്കൂടാതെ ഇബ്നുൽ അഫ്ത്താബും കാലിക്കറ്റിനായി രണ്ട് വിക്കറ്റ് വ ീഴ്‌ത്തി.
പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ , ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് അടിച്ചുകൂട്ടി. എന്നാൽ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത വരുൺ നായനാരെ ക്ലീൻബൗൾഡാക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേല്പിച്ചു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഖിൽ സ്കറിയയും (45) അശ്വിൻ ആനന്ദും (40) ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. അഖിൽ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്.
തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ തൃശൂരിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിംഗ് ദുഷ്കരമാക്കി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ റമീസാണ് തൃശൂർ ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി. ഫൈനലിന് മുന്നോടിയായി സിത്താര കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഗീതപരിപാടി ഉൾപ്പെടെ അരങ്ങേറി.
എമറാൾഡിനും സഫയറിനും വിജയം
തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും സഫയറിനും വിജയം. എമറാൾഡ് റൂബീസിനെ ഏഴ് വിക്കറ്റിനും, സഫയർ പേൾസിനെ ആറ് വിക്കറ്റിനുമാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ എമറാൾഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
പാകിസ്ഥാനെ എറിഞ്ഞ് വീഴ്‌ത്തി ഇന്ത്യ
ദുബായ്: ഏഷ്യാ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ പാകിസ്ഥാനെ 7 വിക്കറ്റിന് കീഴടക്കി ഇന്ത്യ തോൽവി അറിയാതെ സെമിയിൽ എത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 18.1ഓവറിൽ 55 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 3 വിക്കറ്റഅ നഷ്‌ടപ്പെടുത്തി 8.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (57/3). ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറും (18),ദീപ്തി ശർമ്മയും (12) പുറത്താകാതെ നിന്നു. പാക് ക്യാപ്ടൻ ഫാത്തിമ സനയാണ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്.
നേരത്തേ 3 വിക്കറ്റ് വീതം വീഴ്‌ത്തിയ ശ്രീചരിണിയും പ്രേമ റാവത്തും 2 വിക്കറ്റ് നേടിയ ദീപ്തയും 1 വിക്കറ്റ് സ്വന്തമാക്കിയ ഷഫാലിയും ചേർന്നാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. ഹർമ്മൻ ക്യാപ്ടൻസിയിൽ ഇന്ത്യയുടെ 150-ാം ട്വന്റി-20മത്സരമായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |