
ദുബായ്: വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ടൂർണമെന്റിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇന്നലെ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ 72 റൺസിന് കീഴടക്കിയാണ് ഇന്ത്യ എട്ടാം ഏഷ്യാകപ്പ് കിരീടം ഉയർത്തിയത്. കഴിഞ്ഞ തവണ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ശ്രീലങ്കയോടുള്ള പകരം വീട്ടൽ കൂടിയായി ഇന്ത്യയ്ക്ക് ഈ വിജയം.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 20ഓവറിൽ 111റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കായി ശ്രീചരിണി നാലും ദീപ്തി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 32 പന്തിൽ 36 റൺസെടുത്ത ക്യാപ്ടൻ ചമാരി അത്തപത്തുവാണ് ലങ്കയുടെ ടോപ് സ്കോറർ. നേരത്തേ ഓപ്പണർമാരായ സ്മൃതി മന്ഥനയും (39 പന്തിൽ 59), ഷഫാലി വർമ്മയുമാണ് (39 പന്തിൽ 68) ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 77 പന്തിൽ 129 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട് സ്മൃതിയും ഷഫാലിയും ചേർന്ന് പടുത്തുയർത്തി. 13-ാം ഓവറിലെ അഞ്ചാം പന്തിൽ ഷഫാലിയെപുറത്താക്കി ചമുഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 9 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ഷഫാലിയുടെ ഇന്നിംഗ്സ്. പിന്നാലെ സ്മൃതി റണ്ണൗട്ടായി. റിച്ച ഘോഷ് (13 പന്തിൽ 17), കമാലിനി (പുറത്താകാതെ 5 പന്തിൽ 15), ക്യാപ്ടൻ ഹർമൻ പ്രീത് സിംഗ് (14), ദീപ്തി ശർമ്മ (5), ഭാരതി ഫുൾമാലി (പുറത്താകാതെ 2) എന്നിങ്ങനെയാണ് മറ്ര് ബാറ്റർമാരുടെ പ്രകടനം.
ട്രോഫി വാങ്ങിയില്ല
ചാമ്പ്യൻമാർക്കുള്ള ട്രോഫി ഇന്ത്യൻ വനിതാ ടീം സ്വീകരിച്ചില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി കൈപ്പറ്റാൻ ഇന്ത്യൻ ടീം വിസമ്മതിക്കുകയായിരുന്നു. പാകിസ്ഥാൻ സർക്കാരിലെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി.
8- ഏകദിന, ട്വന്റി-20 ഫോർമാറ്രുകളിലായി ഇതുവരെ നടന്ന 10 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്ര് ടൂർണമെന്റുകളിൽ 8ലും ഇന്ത്യ ചാമ്പ്യന്മാരായി
4- ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 4-ാം ഏഷ്യാ കപ്പ് നേട്ടം. (2012ൽ മിതാലി രാജായിരുന്നു ഇന്ത്യയുടെ ക്യാപ്‌ടനെങ്കിലും ഫൈനലിൽ ഉൾപ്പെടെ വൈസ് ക്യാപ്ടനായിരുന്ന ഹർമൻപ്രീതിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കളിച്ചത്.
ഇന്ത്യയ്ക്ക് ഇരട്ടക്കിരീടം
മോഖി (ചൈന): ഏഷ്യാ കപ്പ് ഹോക്കി പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ. ഇതോടെ അടുത്ത വർഷം നടക്കുന്ന ജൂനിയർ പുരുഷ, വനിതാ ലോകകപ്പിലേക്കും ഇന്ത്യൻ ടീമുകൾ യോഗ്യത നേടി.
ആറാം തമ്പുരാന്മാർ
പുരുഷ വിഭാഗം ഫൈനലിൽ ദക്ഷിണ കൊറയയെ 4-1ന് കീഴടക്കിയാണ് ഇന്ത്യ പൊന്നായത്. ഇന്ത്യയുടെ ആറാം കിരീട നേട്ടമാണിത്. അജീത് യാദവ് ക്യാപ്ടൻ അൻമോൽ എക്ക,പ്രഭ്ദീപ്, മയൂരിയ എന്നിവരാണ് ഫൈനലിൽ ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്.
ഹാട്രിക്ക് ഹാപ്പി
വനിതാ വിഭാഗം ഫൈനലിൽ ആതിഥേയരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ വനിതാ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ ചാമ്പ്യന്മാരാകുന്നത്.
17-ാം മിനിട്ടിൽ സാനിക ചന്ദ്രകാന്ത് മാനെയാണ് ഇന്ത്യയുടെ വിജയഗോളടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |