
4-400 മീറ്റർ മിക്സഡ് റിലേ ടീമിനും വുഷുവിൽ റോഷിബിനാ ദേവിക്കും വെള്ളി
10000 മീറ്ററിൽ സീമയുംഷൂട്ടിംഗ് സ്കീറ്റ്-റോവിംഗ് ടീമുകൾ വെങ്കലം നേടി
നഗോയ : പൊന്നൊഴിഞ്ഞുനിന്നെങ്കിലും അയ്‌ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യയ്ക്ക് രണ്ട് വെള്ളി മെഡലുകളുടേയും മൂന്ന് വെങ്കലങ്ങളുടയും തിളക്കം. ഇന്നലെ വുഷുവിൽ റോഷിബിന ദേവിയുടെ വെള്ളിയിൽ തുടങ്ങി 4-400 മീറ്റർ മിക്സഡ് റിലേ ടീമിന്റെ വെള്ളിയിൽ അവസാനിച്ച ഇന്ത്യയുടെ മെഡൽ വേട്ടയിൽ മൂന്ന് വെങ്കലങ്ങളും കിട്ടി.
തന്റെ തുടർച്ചയായ മൂന്നാം ഗെയിംസിലും മെഡലണിഞ്ഞ് ചരിത്രം കുറിച്ച റോഷിബിനാ ദേവിയാണ് ഇന്നലെ ഇന്ത്യയുടെ ആദ്യമെഡൽ നേടിയത്. റോവിംഗിൽ സത്നാം സിംഗ് -- സൽമാൻ ഖാൻ സഖ്യത്തിന്റെ വെങ്കലം വന്നു. പിന്നാലെ സ്കീറ്റ് ഷൂട്ടിംഗിൽ അനന്ത്ജീത് സിംഗ് നറുക്ക-പരിനാസ് ധാലിവാൾ സഖ്യത്തിന്റെ വെങ്കലം. മിക്സഡ് ടീം ഇവന്റിന്റെ ഫൈനലിൽ ദക്ഷിണകൊറിയയ്ക്ക് ഒപ്പം ഒരേ സ്കോറാണ് നേടിയതെങ്കിലും ഷൂട്ടോഫിൽ ഇന്ത്യയ്ക്ക് വെങ്കലമായി.ചൈനയ്ക്കാണ് സ്വർണം. അത്‌ലറ്റിക്സിലെ ആദ്യ മെഡൽ സീമയിലൂടെയായിരുന്നു.വനിതകളുടെ 10000 മീറ്ററിൽ ആദ്യ 1000 മീറ്റർ പിന്നിടിമ്പോൾ സീമയായിരുന്നു ഒന്നാമത്. പിന്നീട് നാലാമതേക്ക് പോയെങ്കിലും പകുതി മത്സരം പിന്നിടുമ്പോഴേക്കും മൂന്നാം സ്ഥാനത്തേക്ക് എത്തിയ സീമ പിന്നീട് ആ പൊസിഷൻ കൈവിട്ടില്ല. 2010ൽ മലയാളിയായ പ്രീജാ ശ്രീധരന് ശേഷം 10000 മീറ്ററിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സീമ.
അത്‌ലറ്റിക്സിലെ ഇന്നലത്തെ അവസാന മത്സര ഇനത്തിലാണ് മനുവും സംഘവും വെള്ളി നേടിയത്. ഫസ്റ്റ് ലാപ്പ് ഓടിയ മനുവിന് പ്രതീക്ഷിച്ച സ്റ്റാർട്ട് ലഭിച്ചില്ല. രണ്ടാം ലാപ്പിൽ പൂവമ്മയിലേക്ക് ബാറ്റണെത്തുമ്പോൾ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ മൂന്നാം ലാപ്പിൽ വിശാൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനം മത്സരത്തിന്റെ വിധിമാറ്റിയെഴുതി. തന്റെ ലാപ്പ് പൂർത്തിയാക്കി വിശാൽ ബാറ്റൺ വിദ്യ രാംരാജിനെ ഏൽപ്പിക്കുമ്പോൾ ഇന്ത്യ മെഡൽ പൊസിഷനിലെത്തിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഈയിനത്തിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്ന വിദ്യ മികച്ച ഫിനിഷിലൂടെ മറ്റൊരു വെള്ളികൂടി നേടിയെടുത്തു. ബഹ്റിൻ 3മിനിട്ട് 12.87സെക്കൻഡിൽ ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയപ്പോൾ ഇന്ത്യ 3മിനിട്ട് 14.46 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |