SignIn
Kerala Kaumudi Online
Friday, 25 September 2026 2.14 AM IST

വിധിയെ തടുക്കാൻ വിവാദത്തിനും കഴിയില്ല

roshibina-devi

നഗോയ : സെലക്ഷൻ ട്രയൽസിൽ തോറ്റിട്ടും തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസിലും മെഡൽ എന്ന അപൂർവ്വ നേട്ടത്തിലേക്ക് റോഷിബിനയെ കൈപിടിച്ചു കയറ്റിയത് വിധിയുടെ നിയോഗമാണ്. ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ 25കാരിയായ റോഷിബിനയെ 18കാരിയായ ദിവ്യാംശു ചൗധരിയാണ് തോൽപ്പിച്ചത്. ഇതോടെ ഹാട്രിക്ക് സ്വർണം എന്ന തന്റെ സ്വപ്നം മടക്കിവച്ച് വീട്ടിലേക്ക് പോയ റോഷിബിനയെ അങ്ങനെ നിരാശപ്പെടാൻ വിധി അനുവദിച്ചില്ല.

ദിവ്യാംശുവിന് ഗെയിംസിന് പോകുന്നതിന് തൊട്ടുമുമ്പ് സംഭവിച്ച പരിക്കാണ് റോഷിബിനയ്ക്ക് വാതിൽ തുറന്നത്. ദിവ്യാംശുവിന്റെ എം.ആർ,ഐ സ്കാൻ അടക്കമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ചശേഷം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും വുഷു ഫെഡറേഷൻ ഒഫ് ഇന്ത്യയും ചേർന്നാണ് ദിവ്യാംശുവിനെ ജപ്പാനിലേക്ക് അയയ്ക്കേണ്ടെന്നും പകരം റോഷിബിനയെ അയയ്ക്കാമെന്നും തീരുമാനിച്ചത്.

എന്നാൽ തന്നെ ഒഴിവാക്കുന്നു എന്നതറിഞ്ഞ ദിവ്യാംശുവിന്റെ പ്രതികരണം വിവാദമായി. റോഷിബിനയെ ഉൾപ്പെടുത്താൻ തന്നെ മനപ്പൂർവ്വം പരിക്കിന്റെ പേര് പറഞ്ഞ് ഒഴിവാക്കുകയാണെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടുള്ള വിദ്യാംശുവിന്റെ വീഡിയോ വൈറലായപ്പോൾ റോഷിബിനയും വിഷമത്തിലായി. ഇതോടെ വുഷു ഫെഡറേഷൻ ഭാരവാഹികൾ മെഡിക്കൽ വിദഗ്ധർക്കൊപ്പം ദിവ്യാംശുവിനെയും കോച്ചിനെയും പരിക്കിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പരാതി മാറിയത്.

ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിന് മുമ്പ് ചൈനയിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്തപ്പോഴാണ് ദിവ്യാംശുവിന് പരിക്കേറ്റിരുന്നത്. അതുമായാണ് ദേശീയ ക്യാമ്പിനെത്തിയതും ട്രയൽസിൽ പങ്കെടുത്തതും. പരിക്കുമായി ഇനിയും മത്സരിച്ചാൽ ദിവ്യാംശുവിന്റെ ഭാവിതന്നെ തകരുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

വിവാദങ്ങളൊക്കെക്കഴിഞ്ഞ് അൽപ്പസമയം മാത്രമാണ് ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കാൻ റോഷിബിനയ്ക്ക് ലഭിച്ചത്. 60 കിലോയിൽ താഴെയുള്ളവരുടെ സാൻഡ വിഭാഗത്തിൽ മത്സരിച്ച റോഷിബിന ക്വാർട്ടർ ഫൈനലിൽ മക്കാവുവിന്റെ ചു മാൻ സിന്നിനെ 5-0ത്തിന് തോൽപ്പിച്ചപ്പോൾതന്നെ തുടർച്ചയായ മൂന്നാം ഗെയിംസിലും മെഡലുറപ്പിച്ചിരുന്നു. സെമിയിൽ ഇന്തോനേഷ്യയുടെ തനിയയ്ക്ക് എതിരെ രണ്ട് പോയിന്റിന് പിന്നിൽ നിന്ന ശേഷമാണ് പൊരുതിക്കയറി ജയിച്ചത്. മൂന്നാം ഗെയിംസിൽ സ്വർണമെന്ന സ്വപ്നത്തിന് പക്ഷേ വിലങ്ങുതടിയായത് വുഷു പിറന്ന നാട്ടുകാരിയായ ഷാംഗ് സിയോവുവാണ്. 2-0ത്തിനാണ് ചൈനീസ് താരം ഫൈനലിൽ ജയിച്ചത്.

മണിപ്പൂരിലെ ക്വാക്ഷിഫായ് സ്വദേശിനിയാണ് റോഷിബിന.ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് കരിയർ ആരംഭിച്ചത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സെമിയിൽ തോറ്റ് വെങ്കലം നേടി. 2022 ഹ്വാംഗ്ചോ ഗെയിംസിൽ ഫൈനലിലെത്തിയെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROSHIBINA, ASIANGAMES, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360