
കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദവുമായി ബന്ധപ്പെട്ട് അകത്തായ കായികാധ്യാപകൻ ജിജോ ജെയിംസിന്റെ ശിഷ്യ മരിയ അലോഷ്യ ജസ്റ്റിന് ഹാമർത്രോയിൽ സ്വർണം. മെഡൽ നേട്ടത്തിന് പിന്നാലെ തന്റെ പരിശീലകന് പിന്തുണ പ്രഖ്യാപിച്ച് ‘ജസ്റ്റിസ് ഫോർ കോച്ച്’ എന്ന പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു മരിയ. പരിശീലകൻ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാണ് മരിയയുടെ നിലപാട്. തുടർച്ചയായ രണ്ടാം വർഷമാണ് മരിയ ഈ ഇനത്തിൽ സ്വർണം നേടുന്നത്.
എറണാകുളം വെസ്റ്റ് വെങ്ങോല വി.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിനിയാണ് മരിയ. ആലപ്പുഴ കലവൂരാണ് സ്വദേശം. 2024ൽ ആറാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം സ്വർണം നേടി. ഇത്തവണയും ആ നേട്ടം ആവർത്തിച്ച് ജൂനിയർ ഗേൾസ് ഹാമർത്രോയിൽ മികവ് തെളിയിച്ചു. അമ്മ ഷർളി നഴ്സാണ്. അച്ഛൻ ജസ്റ്റിൻ ആന്റണി.
മത്സരത്തിന് മുമ്പ് കോച്ച് വിവാദത്തിൽ കുടുങ്ങിയത് മാനസികമായി തളർത്തിയിരുന്നെന്നും അതൊന്നും പ്രകടനത്തെ ബാധിക്കാതിരിക്കാൻ കഠിനമായി പരിശ്രമിച്ചെന്നും മരിയ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ജിജോ റിമാൻഡിലാണ്. വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |