SignIn
Kerala Kaumudi Online
Monday, 28 September 2026 9.37 PM IST

സ്കൂൾ വിട്ടാൽ കുട്ടികൾ എവിടെ പോകും? 34 വർഷം മുമ്പ് അർണോൾഡ് തുടങ്ങിയ സംരംഭം; ഇന്ന് 1.4 ലക്ഷം വിദ്യാർത്ഥികളുടെ ആശ്രയം

arnold-schwarzenegger-
അർനോൾഡ് ഷ്വാസ്നഗർ

വാഷിംഗ്‌ടൺ: ഹോളിവുഡ് താരവും മുൻ കാലിഫോർണിയ ഗവർണറും ബോഡിബിൽഡറുമായ അർനോൾഡ് ഷ്വാസ്നഗർ രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് വർഷങ്ങൾക്കുമുമ്പേ കുട്ടികളുടെ സ്‌കൂൾ സമയത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾക്ക് സമയം മാറ്റിവച്ചിരുന്നു. 1992ൽ ഡാനി ഹെർണാണ്ടസിനൊപ്പം അദ്ദേഹം ആരംഭിച്ച 'ഇന്നർസിറ്റി ഗെയിംസ് ഫൗണ്ടേഷൻ' ആയിരുന്നു ഇതിന്റെ തുടക്കം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കായിക പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യമിട്ടരുന്നത്.

ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു ദേശീയ സംഘടനയായി വളർന്നിരിക്കുകയാണ് അർണോൾഡിന്റെ സംരംഭമായ 'ആഫ്റ്റർ സ്കൂൾ ഓൾ സ്റ്റാർസ്'. അമേരിക്കയിലെ 77 നഗരങ്ങളിലായി 754 കേന്ദ്രങ്ങളിലൂടെ പ്രതിവർഷം 1.4 ലക്ഷത്തിലധികം കുട്ടികൾക്ക് സംഘടനയുടെ സേവനം ലഭിക്കുന്നതായാണ് കണക്ക്. സ്‌കൂൾ സമയം അവസാനിച്ചാലും കുട്ടികളുടെ പഠനവും വ്യക്തിത്വവികസനവും തുടരണം എന്ന ആശയത്തിലായിരുന്നു പദ്ധതി തുടക്കം കുറിച്ചത്. 1992ൽ ലോസ് ആഞ്ചലസിലായിരുന്നു ആരംഭം. തൊട്ടടുത്ത വർഷം തന്നെ സംഘടനയ്ക്ക് ലാഭേച്ഛയില്ലാത്ത സ്ഥാപന പദവി ലഭിച്ചു. തുടർന്ന് അറ്റ്ലാന്റ, ലാസ് വേഗാസ്, ഒർലാൻഡോ, ന്യൂയോർക്ക്, സാൻ ഡിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിച്ചു.

2003ൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കി. കായികപരിപാടികൾക്കൊപ്പം സ്‌കൂൾ കേന്ദ്രീകരിച്ചുള്ള അക്കാദമിക് പിന്തുണയും മറ്റ് വിദ്യാഭ്യാസ പദ്ധതികളും ഉൾപ്പെടുത്തി 'ആഫ്റ്റർ സ്കൂൾ ഓൾസ്റ്റാർസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഹോംവർക്കിനുള്ള സഹായങ്ങൾ, കോഡിംഗ്, ശാസ്ത്രസാങ്കേതിക പരിശീലനം, സംഗീതം, നൃത്തം, പാചകം, കായികം, ആരോഗ്യക്ഷേമ പരിപാടികൾ, തൊഴിൽമേഖലയെക്കുറിച്ചുള്ള പരിശീലനം തുടങ്ങിയവയാണ് നിലവിൽ കുട്ടികൾക്കായി ഒരുക്കുന്നത്. കൗമാരക്കാരെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമുള്ള ജീവിതത്തിന് തയ്യാറാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും സംഘടന നടപ്പാക്കുന്നുണ്ട്.

സ്‌കൂളുകൾക്ക് പുറമെ റിക്രിയേഷൻ സെന്ററുകൾ, ഹൗസിംഗ് അതോറിറ്റികളുടെ കീഴിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലും പദ്ധതികൾ നടപ്പാക്കി വരികയാണ്. 2024ലെ കണക്കനുസരിച്ച് ഏകദേശം 740 കേന്ദ്രങ്ങളിലായി ഒന്നരലക്ഷത്തോളം വിദ്യാർത്ഥികൾ സംഘടനയുടെ പരിപാടികളിൽ പങ്കെടുത്തു. 2023ൽ 91.5 കോടി ഡോളറായിരുന്ന സംഘടനയുടെ വാർഷിക വരുമാനം 2024ൽ 104.7 കോടി ഡോളറായി ഉയർന്നതായാണ് വിവരം. ലഭിക്കുന്ന വരുമാനത്തിന്റെ 89 ശതമാനവും കുട്ടികൾക്കുവേണ്ടി ചെലവഴിക്കുകയാണെന്നാണ് സംഘടനയുടെ അവകാശവാദം.

English Summary

Former California Governor Arnold Schwarzenegger's "After-School All-Stars" program, founded in 1992, now serves over 140,000 students annually across 77 US cities. Initially focusing on sports for disadvantaged youth, it has expanded to include academic support, STEM, and vocational training. The organization's annual income rose to $1.047 billion in 2024, with 89% claimed to be spent directly on students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARNOLD, LATESTNEWS, AFTER SCHOOL PROGRAM, STUDENTS, 1992
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360