SignIn
Kerala Kaumudi Online
Sunday, 01 November 2026 8.57 AM IST

പ്രതിസന്ധി ഒഴിയാതെ യൂറോപ്പ്: പോളണ്ടിൽ പ്രധാനമന്ത്രിയും പ്രസിഡന്റും നേർക്കുനേർ  യുദ്ധക്കളമായി ഭരണഘടനാ കോടതി

d

വാഴ്സോ: യൂറോപ്യൻ രാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ,​ പോളണ്ടിൽ പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിൽ അധികാര വടംവലി രൂക്ഷം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിയന്ത്രണം ആർക്കെന്നതിനെ ചൊല്ലിയാണ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കും പ്രസിഡന്റ് കരോൾ ന‌വ്‌റോ‌റ്റ്‌സ്‌‌കീയും തമ്മിൽ പോരാട്ടം.

രാജ്യത്തെ പരമോന്നത ഭരണഘടനാ കോടതി ഇവരുടെ ഏറ്റുമുട്ടലിന് വേദിയായതോടെ വ്യാപക പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. 2025 അവസാനമാണ് സംഭവങ്ങളുടെ തുടക്കം. 15 അംഗ കോടതിയിൽ മുതിർന്ന എട്ട് പുതിയ ജഡ്ജിമാരെ ടസ്‌ക് സർക്കാർ തിരഞ്ഞെടുത്തു. നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടെന്ന് കാട്ടി അഞ്ച് പേർക്ക് സത്യപ്രതി‌ജ്ഞ ചൊല്ലിക്കൊടുക്കാൻ കരോൾ തയ്യാറായില്ല. ഇതോടെ ഇവർ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. കോടതിയുടെ അദ്ധ്യക്ഷനായ ജഡ്ജി ഇവർക്ക് വിലക്കേർപ്പെടുത്തി. മുൻ സർക്കാർ നിയമിച്ചതാണ് അദ്ധ്യക്ഷനെ.

എന്നാൽ,വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ജഡ്ജിമാർ വിലക്ക് ലംഘിച്ച് കോടതിയിൽ കടന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ അദ്ധ്യക്ഷനെ വോട്ട് നടത്തി ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കോടതിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.

വിവരമറിഞ്ഞ കരോൾ, സെനഗലിലേക്കുള്ള ഔദ്യോഗികയാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു. തലസ്ഥാനമായ വാഴ്സോയിൽ അദ്ദേഹത്തിന്റെ വിമാനം തിരിച്ചിറങ്ങി. ഇന്നലെ കോടതിയിലെത്തിയ അദ്ദേഹം സർക്കാർ ഏർപ്പെടുത്തിയ പൊലീസ് വലയം ലംഘിച്ച് ഉള്ളിൽ കടന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ പാർട്ടിക്കാർ കോടതിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. നിരവധി പേർ അറസ്റ്റിലായി. പൊലീസിനോട് ഒഴിയാൻ നിർദ്ദേശിച്ച പ്രസിഡന്റ്, തുടർ നടപടികൾക്ക് പാർലമെന്ററി കക്ഷികളുടെ അടിയന്തര യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു.


പ്രസിഡന്റ് പ്രതിപക്ഷത്തിന്റെ ആയുധം


1. ടസ്‌ക് അധികാരത്തിലേറിയത് 2023ൽ. 2007 - 2014 കാലയളവിലും പ്രധാനമന്ത്രി. യൂറോപ്യൻ യൂണിയൻ അനുകൂല, മദ്ധ്യപക്ഷ സഖ്യ സർക്കാരിനെ നയിക്കുന്നു. നിയമവാഴ്ചയും സ്വതന്ത്രമായ നിലനിൽപ്പും പുനഃസ്ഥാപിക്കാനെന്ന പേരിൽ ജുഡിഷ്യൽ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടസ്‌‌ക്. ഇതിനായി മുൻ സർക്കാർ നിയമിച്ച തീവ്ര വലതുപക്ഷ ജഡ്ജിമാരെ നീക്കാൻ ശ്രമം

2. മാറ്റങ്ങളെ പ്രതിപക്ഷമായ ലാ ആൻഡ് ജസ്റ്റിസും കരോളും എതിർക്കുന്നു. ടസ്‌ക് ഭരണഘടനാ വിരുദ്ധമായി അധികാരം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. വലതുപക്ഷ പാർട്ടിയായ ലോ ആൻഡ് ജസ്റ്റിസാണ് 2015 മുതൽ 2023 വരെ രാജ്യംഭരിച്ചത്. ഇവരുടെ പിന്തുണയോടെയാണ് 2025ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ കരോൾ ജയിച്ചത്. ടസ്‌കിനെതിരായ ലാ ആൻഡ് ജസ്റ്റിസിന്റെ പ്രതിരോധ ശക്തിയാണ് കരോൾ


സഹകരിച്ചില്ലെങ്കിൽ

ഭരണം സ്തംഭിക്കും

ഭരണഘടന പ്രകാരം രാജ്യഭരണം പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വീതിച്ചുനൽകിയിരിക്കുന്നു. പ്രധാനമന്ത്രി ദൈനംദിന ഭരണ കാര്യങ്ങൾ നിയന്ത്രിക്കുന്നു. പ്രധാനമന്ത്രി പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങളെ വീറ്റോ ചെയ്യാൻ പ്രസിഡന്റിനാകും. ജഡ്ജിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതും അവരെ ഔദ്യോഗികമായി നിയമിക്കുന്നതും പ്രസിഡന്റാണ്. ഇരുവരും പരസ്പരം സഹകരിച്ചില്ലെങ്കിൽ ഭരണം പ്രതിസന്ധിയിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360