SignIn
Kerala Kaumudi Online
Thursday, 17 September 2026 7.49 AM IST

കടലിൽ നിന്ന് പെർഫ്യൂമിലേക്ക് !

pic

ന്യൂയോർക്ക് : കോടികൾ വിലമതിക്കുന്നതും അപൂർവവുമായ വസ്തുവാണ് തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രിസ് എന്ന് നമുക്കറിയാം. സ്പേം തിമിംഗലങ്ങളിൽ നിന്ന് പുറത്തുവരുന്ന വസ്തുവാണ് ആംബർഗ്രിസ്. സ്ക്വിഡ്, കണവ തുടങ്ങിയ സെഫലോപോഡ് വർഗത്തിൽപ്പെട്ട കടൽജീവികളാണ് സ്പേം തിമിംഗലങ്ങളുടെ പ്രധാന ആഹാരം. ഇവ ദഹിക്കാൻ വളരെ പ്രയാസമാണ്.

ഇത്തരത്തിൽ ദഹിക്കാത്ത ഭാഗങ്ങൾ തിമിംഗലത്തിന്റെ കുടലിൽ എത്തുകയും അവിടെ സ്രവിക്കുന്ന സ്രവങ്ങളുമായി കൂടിച്ചേർന്ന് കട്ടികൂടിയ ആംബർഗ്രിസിന്റെ രൂപത്തിലെത്തുകയും ചെയ്യുന്നു. വർഷങ്ങളോളം ആംബർഗ്രിസ് തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ തന്നെ തുടർന്നേക്കാം. ഛർദ്ദിയുടെ രൂപത്തിലാണ് ആംബർഗ്രിസിനെ തിമിംഗലം പുറന്തള്ളുന്നത്. അതേ സമയം, വിസർജ്യമായാണ് പുറത്ത് കളയുന്നതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്.

പെർഫ്യൂമുകളുടെ നിർമ്മാണത്തിന് ആംബർഗ്രിസിനെ പ്രധാനമായും ഉപയോഗിക്കുന്നു. എന്നാൽ എങ്ങനെയാണ് ആംബർഗ്രിസിനെ പെർഫ്യൂമാക്കി മാറ്റുന്നത്. ?​

തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുമ്പോൾ ആംബർഗ്രിസിന് അതിരൂക്ഷമായ ദുർഗന്ധമാണ്. എന്നാൽ, കട്ടികൂടുന്നതോടെ ദുർഗന്ധം മാറി ഏകദേശം കസ്തൂരിയ്ക്ക് സമാനമായ നേരിയ സുഗന്ധം ഉണ്ടാകുന്നു.

ആംബർഗ്രിസിൽ നിന്ന് ഗന്ധമില്ലാത്ത ആൽക്കഹോൾ അധിഷ്ഠിതമായ ആംബ്രിൻ എന്ന വസ്തു വേർതിരിച്ചെടുക്കുന്നു. പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ കാലം നിലനിൽക്കാൻ ഇത് സഹായിക്കുന്നു. ആംബർഗ്രിസിന്റെ നിറം അനുസരിച്ചാണ് പെർഫ്യൂമുകളുടെ നിലവാരവും അളക്കുന്നത്. നേർത്ത വെള്ള നിറത്തിലെ ആംബർഗ്രിസാണ് ഏറ്റവും ശുദ്ധവും വിലകൂടിയതും.

ഇതിൽ നിന്ന് നിർമ്മിക്കുന്ന പെർഫ്യൂമുകളാണ് ഏറ്റവും ഗുണനിലവാരം കൂടിയവയായി കണക്കാക്കുന്നത്. കറുത്ത നിറത്തിലെ ആംബർഗ്രിസിനാണ് വില കുറവ്. കാരണം, ഇതിൽ ആംബ്രിന്റെ അളവ് കുറവാണ്. ആംബർഗ്രിസിന്റെ നിറംമാറ്റത്തിന് പിന്നിൽ ഓക്സിഡേഷൻ പ്രക്രിയയാണ്. കടലുമായും വായുവുമായും കൂടുതൽ കൂടുതൽ കാലം സമ്പർക്കം പുലർത്തേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

വെള്ളയ്ക്കും കറുപ്പിനും ഇടയിൽ ഗ്രേ മുതൽ ബ്രൗൺ വരെയുള്ള വ്യത്യസ്ത നിറങ്ങളിൽ ആംബർഗ്രിസ് കാണപ്പെടുന്നു. എന്നാൽ അപൂർവവും പൊള്ളുന്ന വിലയുള്ളതുമായതിനാൽ മിക്ക പെർഫ്യൂം നിർമ്മാതാക്കളും ആംബ്രിന് പകരം സിന്തറ്റിക് കെമിക്കലുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പെർഫ്യൂമിന് മാത്രമല്ല, സുഗന്ധദ്രവ്യം, മരുന്ന് എന്നിവയ്ക്കും ആംബർഗ്രിസിനെ ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360