SignIn
Kerala Kaumudi Online
Monday, 13 July 2026 8.34 AM IST

ഹവാന സിൻഡ്രോം: നഷ്ടപരിഹാരം നൽകി യു.എസ്

f

ന്യൂയോർക്ക് : സൈനിക,​ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിടികൂടുന്ന നിഗൂഢ നാഡീരോഗമായ 'ഹവാന സിൻഡ്രോമി'ന്റെ ഇരകൾക്ക് ആദ്യമായി നഷ്ടപരിഹാരം വിതരണം ചെയ്ത് യു.എസ് സർക്കാർ. 2021ലെ ഹവാന ആക്ട് പ്രകാരം വിതരണം ചെയ്യുന്ന ആദ്യ ഗഡുവാണിതെന്ന് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 21 പേർക്കായി 29 ലക്ഷം ഡോളറാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. ഹവാന സിൻഡ്രോം ബാധിച്ച നയതന്ത്രജ്ഞർ. സി.ഐ.എ ഇന്റലിജൻസ് ഏജന്റുമാർ,​ സൈനികർ,​ കുടുംബാംഗങ്ങൾ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. വിദേശത്ത് തങ്ങവെ മസ്തിഷ്ക തകരാറോ നാഡീസംബന്ധമായ പ്രശ്നങ്ങളോ നേരിട്ടവർക്കാണ് നഷ്ടപരിഹാരത്തിന് അർഹത.

ഹവാന സിൻഡ്രോം

 2016 - 2017ൽ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിൽ ആദ്യമായി തിരിച്ചറിഞ്ഞു

 ഹവാനയ്ക്ക് മുമ്പ് 2014ൽ ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ടിലും യുക്രെയിനിലുമുള്ള യു.എസ് ഉദ്യോഗസ്ഥരെ ബാധിച്ചെന്നും പറയുന്നു

 ലക്ഷണങ്ങൾ: പെട്ടെന്ന് കേൾവി തകരാർ, തലകറക്കം, ശരീരത്തിലെ തുലനാവസ്ഥ നഷ്‌ടമാവുക, ഉറക്കമില്ലായ്മ, തലവേദന, ചെവി വേദന, തലയ്ക്കുള്ളിൽ മർദ്ദം

 കാരണങ്ങൾ

 ഹവാന സിൻഡ്രോമിന്റെ കാരണങ്ങളായി നിരവധി സിദ്ധാന്തങ്ങളുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല

തീവ്രമായ ശബ്ദം, മസ്തിഷ്കത്തിലേക്ക് ശക്തമായ തരംഗങ്ങൾ എന്നിവയുടെ ആക്രമണം ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായെന്ന് കരുതുന്നു

 രാത്രികളിൽ അനുഭവപ്പെട്ട അസാധാരണമായ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ, രാസായുധ പ്രയോഗം, പകർച്ചവ്യാധി തുടങ്ങിയവയും സംശയനിഴലിൽ. സോണിക് ആയുധങ്ങളിൽ നിന്നുള്ള തരംഗങ്ങളാകാം കാരണമെന്നും ആരോപണം. അസാധാരണമായ ശബ്ദ തരംഗങ്ങളിലൂടെ എതിരാളികളെ മുറിവേൽപ്പിക്കാനോ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനോ ശേഷിയുള്ളവയാണ് സോണിക് ആയുധങ്ങൾ

 റഷ്യയോ ചൈനയോ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ദുരൂഹ ആക്രമണങ്ങൾ നടത്തുകയാണോ എന്നും യു.എസ് സംശയിക്കുന്നുണ്ട്. ഹവാന സിൻഡ്രോമിന് പിന്നിൽ റഷ്യയുടെ വിദേശ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ രഹസ്യ വിഭാഗമായ ' യൂണിറ്റ് 29155' ആണെന്ന് ആരോപണം ഉയർന്നിരുന്നു

 യു.എസിന്റെ ആയിരത്തിലേറെ നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ചാരൻമാരെയും സൈനികരെയും കുടുംബാംഗങ്ങളെയും ബാധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360