
വാഷിംഗ്ടൺ: യു.എസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ബൈസണിന്റെ ആക്രമണത്തിൽ (അമേരിക്കൻ കാട്ടുപോത്ത്) വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ബൈസൺ ഇയാളെ കുത്തി എട്ടടിയോളം ഉയരത്തിലേക്ക് തെറിപ്പിച്ചു. പാർക്കിലെ ബ്രിഡ്‌ജ് ബേ ക്യാമ്പ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഈ ബൈസൺ ആളുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും മുമ്പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ട്.
കൊച്ചുമകനൊപ്പം നടന്നുപോകവെയാണ് സഞ്ചാരി ആക്രമിക്കപ്പെട്ടത്. ഇരുവരും ബൈസണിൽ നിന്ന് ഏകദേശം 100 യാർഡ് സുരക്ഷിത അകലം പാലിച്ചിരുന്നു. ശാന്തനായി മണ്ണിൽ കിടന്ന ബൈസണിന്റെ ഫോട്ടോ എടുക്കാൻ ഇരുവരും മരങ്ങൾക്കിടെയിൽ നിന്ന് ശ്രമിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ ഒരു പിക്കപ്പ് ട്രക്ക് മേഖലയിലൂടെ കടന്നുപോയത് ബൈസണെ പ്രകോപിപ്പിച്ചു.
പെട്ടെന്ന് ബൈസൺ മരങ്ങൾക്ക് നേരെ പാഞ്ഞടുത്തു. കുട്ടി ഓടി രക്ഷപ്പെട്ടെങ്കിലും മുത്തച്ഛന് ഓടാനായില്ല. ഇയാളെ ബൈസൺ മരങ്ങൾക്ക് ചുറ്റും ഓടിച്ച ശേഷമാണ് കൊമ്പുകൊണ്ട് ഇടിച്ച് അന്തരീക്ഷത്തിലേക്ക് എറിഞ്ഞത്. നിലത്തു വീണ ഇയാളെ ബൈസൺ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്തുണ്ടായിരുന്നവർ ഒച്ചവച്ചതോടെ പിന്മാറി. പാർക്ക് അധികൃതർ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ബൈസണെ കണ്ടാൽ കുറഞ്ഞത് 23 മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഇവയുടെ ആക്രമണം മരണത്തിന് വരെ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
# മനുഷ്യരേക്കാൾ
വേഗത്തിൽ ഓടും
ബൈസണുകളെ വടക്കേ അമേരിക്കയിലെ പ്രയറി പുൽമേടുകളിൽ കൂട്ടമായി കണ്ടുവരുന്നു
കരുത്തുറ്റ മൃഗങ്ങൾ. 1000 കിലോഗ്രാം വരെ ഭാരം
മനുഷ്യരേക്കാൾ മൂന്നിരട്ടി വേഗത്തിൽ ഓടാൻ കഴിയും
19 -ാം നൂറ്റാണ്ടിൽ അമിത വേട്ടയാടൽ ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. പ്രധാനമായും തോലിനായിട്ടാണ് വേട്ടയാടപ്പെട്ടത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |