
മസ്‌കറ്റ്: ഇറാൻ - യു.എസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌തംഭിച്ച ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഒമാൻ. മലയ് ഉപദ്വീപ്, ഇൻഡോനേഷ്യ എന്നിവയ്ക്ക് ഇടയിലുള്ള മലാക്ക കടലിടുക്കിന്റെ മാതൃകയിലെ സുരക്ഷാ, നിയന്ത്രണ സംവിധാനമാണ് ഒമാൻ ഹോർമുസിനായി നിർദ്ദേശിക്കുന്നത്.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ആവിഷ്കരിച്ച പദ്ധതിയുടെ രൂപരേഖ ഒമാൻ ഇറാന് കൈമാറി. ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് തുറക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും കടലിടുക്കിന് മേലുള്ള ഇറാന്റെ ഏകപക്ഷീയമായ നിയന്ത്രണം ഇല്ലാതാക്കുന്നതാണ് പദ്ധതി. ഇക്കാരണത്താൽ ഇറാനിലെ ഒരു വിഭാഗം നേതാക്കൾ പദ്ധതി എതിർക്കുന്നു.
വിഷയത്തിൽ ഇറാൻ ഭരണകൂടവുമായി ഒമാൻ ചർച്ച തുടരുന്നു. ഒമാന്റെ നിർദ്ദേശത്തോട് യു.എസിന് എതിർപ്പില്ലെന്നാണ് റിപ്പോർട്ട്. ചർച്ച തകർന്നാൽ ഇറാനിൽ ആക്രമണം പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ആവർത്തിച്ചു. ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസിലെത്തി.
# നിർബന്ധിത ടോൾ ഇല്ല
ആൻഡമാൻ കടലിനെയും ദക്ഷിണ ചൈനാ കടലിനെയും ബന്ധിപ്പിക്കുന്ന മലാക്കയുടെ നിയന്ത്രണം ഇൻഡോനേഷ്യയും മലേഷ്യയും സിംഗപ്പൂരും ചേർന്ന്. ഹോർമുസിലെ സുരക്ഷയും സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ ഇറാനും ഉൾപ്പെടുന്ന അതിർത്തി രാജ്യങ്ങളുടെ കൺസോർഷ്യം വേണമെന്ന് ഒമാൻ
നിർബന്ധിത ടോൾ പാടില്ല. പകരം മലാക്കയിലേത് പോലെ ഒരു സംഭാവനാ സംവിധാനം ആകാം. ഷിപ്പിംഗ് /എണ്ണക്കമ്പനികൾ, പ്രാദേശിക സർക്കാരുകൾ തുടങ്ങിയവർക്ക് സ്വമേധയാ സംഭാവന നൽകാം. ഇത് ഹോർമുസിലെ സുരക്ഷാ, വികസനം, സേവനങ്ങൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം
# ഫലപ്രദമാകില്ലെന്ന് ഇറാൻ
ഹോർമുസിൽ പരമാധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇറാൻ, കപ്പലുകളിൽ നിന്ന് 10 ലക്ഷം ഡോളർ സർവീസ് ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെടുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമ്മിക്കാൻ തുക ഉപയോഗിക്കാമെന്നും ഇറാൻ കരുതുന്നു. എന്നാൽ മലാക്ക മാതൃകയിലെ ഫണ്ട് ഫലപ്രദമാകില്ലെന്ന് ഇറാന്റെ പക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |