
പശ്ചിമേഷ്യ അശാന്തം
സനാ: ഒരു വശത്ത് ഇറാൻ-യു.എസ് സംഘർഷം ശക്തമായി തുടരുന്നു. മറുവശത്ത് പശ്ചിമേഷ്യയ്ക്കും ആഗോള കപ്പൽ ഗതാഗതത്തിനും ഭീഷണിയായി യെമനിലെ ഹൂതി വിമതർ പിടിമുറുക്കുന്നു. പശ്ചിമേഷ്യ അശാന്തം. യെമനിൽ ചെങ്കടൽ തീരത്തെ തന്ത്രപ്രധാന തുറമുഖ നഗരമായ മോക്കയും സമീപത്തെ സൂഖർ ദ്വീപും ഹൂതികൾ പിടിച്ചെടുത്തു. കനത്ത വ്യോമാക്രമണം നേരിടുന്ന ചെങ്കടലിലെ ഹാനിഷ് ദ്വീപും വൈകാതെ നിയന്ത്രണത്തിലാക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേനയുടെ പിന്തുണയുള്ള യെമനിലെ ഔദ്യോഗിക സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശങ്ങൾ. ഹൂതികളും യെമൻ സർക്കാരും 2014 മുതൽ ആഭ്യന്തര യുദ്ധത്തിലാണ്.
മോക്കയുടെയും സൂഖർ ദ്വീപിന്റെയും നിയന്ത്രണം സ്വന്തമാക്കിയതോടെ ലോകത്തെ നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ടായ ബാബ് അൽ മന്ദബ് കടലിടുക്കിന് മേൽ ഹൂതികൾ ശക്തമായ മേൽക്കൈ നേടി. ഹൂതികൾ നേരത്തെ തന്നെ ബാബ് അൽ മന്ദബ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളുടെ പേടി സ്വപ്നമായി മാറിയിരുന്നു. ഹോർമുസിന് സമാനമായ സമ്പൂർണ ഉപരോധം ബാബ് അൽ മന്ദബിലും സൃഷ്ടിക്കാൻ ഹൂതികളെ പ്രാപ്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
# തിരിച്ചടിച്ച് സൗദി
ഹൂതികൾക്കെതിരെ സൗദിയും യെമൻ സർക്കാർ സേനയും ആക്രമണം ശക്തമാക്കി. 60ലേറെ ഹൂതി, സർക്കാർ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇന്നലെ 12 മണിക്കൂറിനിടെ സൗദി 40 ലേറെ ഹൂതി കേന്ദ്രങ്ങളിൽ ബോംബിട്ടു. ചൊവ്വാഴ്ച സൗദിയുടെ എണ്ണ കേന്ദ്രങ്ങളിലുണ്ടായ ഹൂതി ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇത്.
# ബാബ് അൽ മന്ദബിലെ നിലവിലെ സ്ഥിതി
നിലവിൽ സൗദി/സൗദി ബന്ധമുള്ള കപ്പലുകൾക്ക് ഇവിടെ ഹൂതികൾ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കും
ഇറാന്റെ സഖ്യ കക്ഷികളാണ് ഹൂതികൾ. യു.എസിനെ സമ്മർദ്ദത്തിലാക്കാൻ ഇതുവഴി പോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ആക്രമിക്കാനോ പൂർണ ഉപരോധം ഏർപ്പെടുത്താനോ ഹൂതികൾ ശ്രമിച്ചേക്കാം. ഇത് ഏഷ്യയിലേക്ക് വരുന്ന കപ്പലുകളെ ബാധിക്കും. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ സൂയസ് കനാൽ വഴിയുള്ള എണ്ണ, വാതക വ്യാപാരം സ്തംഭിക്കും
ഹൂതി ഭീഷണി മൂലം ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഇതിനോടകം 50 ശതമാനത്തിലേറെ ഇടിഞ്ഞു. ചെലവും ദൈർഘ്യവും കൂടുതലെങ്കിലും ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റിയുള്ള പാതയെ കപ്പലുകൾ ആശ്രയിക്കുന്നു
ബ്രെന്റ് ക്രൂഡ് ബാരലിന് 105 ഡോളറായി ഉയർന്നു
# മക്ക സഖ്യത്തിന് വെല്ലുവിളി
നാറ്റോ മാതൃകയിൽ സൗദിയും തുർക്കിയും പാകിസ്ഥാനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിന് ഹൂതി ആക്രമണം വെല്ലുവിളി. സൗദിക്കെതിരായ ആക്രമണങ്ങളിൽ നിന്ന് ഹൂതികളെ പിന്തിരിപ്പിക്കണമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകി. ഹൂതികളെ നിയന്ത്രിക്കുന്നത് തങ്ങളല്ലെന്ന് ഇറാൻ പ്രതികരിച്ചു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ, കൂട്ടായി പ്രതിരോധിക്കുമെന്നതാണ് മക്ക സഖ്യത്തിലെ വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |