SignIn
Kerala Kaumudi Online
Friday, 02 October 2026 9.09 PM IST

ഇന്ത്യ- യു.എസ് സഹകരണം ലോക നന്മയ്ക്ക്: ബൈഡൻ

ghhghg

വാഷിംഗ്ടൺ: ഇന്ത്യയും യു.എസും ഒന്നിച്ചാൽ നിരവധി ആഗോള വെല്ലുവിളികൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. 2020 ഓടെ ഇന്ത്യയും യു.എസും കൂടുതൽ അടുക്കുമെന്ന് 2006ൽ വൈസ് പ്രസിഡന്റായിരുന്നപ്പോൾ താൻ പറഞ്ഞിട്ടുണ്ടെന്നും ബൈഡൻ ഓർമ്മിപ്പിച്ചു.

ഗാന്ധിജി മുന്നോട്ടുവച്ച വിശ്വാസത്തിന്റെയും പരസ്പരധാരണയുടെയും ആശയങ്ങൾക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ച ഇന്തോ-യു.എസ് ബന്ധത്തിൽ പുതിയ അദ്ധ്യായമാണെന്നും ബൈഡൻ പറഞ്ഞു.

ഓവൽ ഓഫീസിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിൽ കാറിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ വൈറ്റ് ഹൗസ് ആക്ടിംഗ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ സ്വീകരിച്ചു. റൂസ്‌വെൽറ്റ് മുറിയിൽ സന്ദർശക പുസ്‌തകത്തിൽ ഒപ്പിട്ടശേഷമായിരുന്നു ബൈഡനുമായുള്ള കൂടിക്കാഴ്ച. ബൈഡന്റെ ബന്ധുക്കൾ ഇന്ത്യയിലുണ്ടെന്ന് മോദി അറിയിച്ചു. ഇംഗ്ളീഷിലും ഹിന്ദിയിലുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഒരു മണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച അതിലുമേറെ നേരം നീണ്ടു.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ കണ്ടതുപോലെ ഇന്ത്യൻ വംശജർ വൈറ്റ്ഹൗസിന് മുന്നിലും മോദിയെ കാണാൻ തടിച്ചുകൂടി.

'അമേരിക്ക ലവ് മോദി', 'യു.എസ്-ഇന്ത്യാ ബന്ധം നീണാൾ വാഴട്ടെ' തുടങ്ങിയ അടിക്കുറിപ്പുകളുള്ള മോദിയുടെ വലിയ ചിത്രവും കൈയിലേന്തിയാണ് നൂറുകണക്കിന് ആളുകൾ എത്തിയത്. യുവതികൾ ഇന്ത്യൻ നൃത്തവും അവതരിപ്പിച്ചു.

അതേ സമയം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡേ സുഗ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുമായും ക്വാഡ് സമ്മേളനത്തിന് മുന്നോടിയായി മോദി ചർച്ച നടത്തി.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ കൂട്ടുകെട്ട് ലോകത്തിന് മുഴുവൻ ഗുണമുണ്ടാക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. അഫ്ഗാൻ കൊവിഡിനിടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ വളരെ മികച്ച രീതിയിൽ ടോക്കിയോ ഒളിമ്പിക്സ് സംഘടിപ്പിച്ച ജപ്പാന്റെ പ്രവർത്തനങ്ങളെയും മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും ഇന്ത്യയുടെ നാഷണൽ ഹൈഡ്രജൻ ഊർജ പദ്ധതിയുമായി ജപ്പാനീസ് സഹകരണ സാധ്യതകളും ഇരുനേതാക്കളും ചർച്ചയിൽ ഉൾപ്പെടുത്തി.

തന്റെ നല്ല സുഹൃത്തായ സ്‌കോട്ട് മോറിസണുമായി മികച്ച രീതിയിൽ ആശയ വിനിമയം നടത്തിയെന്ന് ട്വിറ്ററിൽ രേഖപ്പെടുത്തിയ മോദി വാണിജ്യം, വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയെന്ന് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360