
വാഷിംഗ്ടൺ: യു.എസിലെ ടെന്നസി സംസ്ഥാനത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 50കാരിയായ ക്രിസ്റ്റ ഗൈൽ പൈക്കാണ് വിഷ മരുന്നായ പെന്റോബാർബിറ്റലിന്റെ രണ്ട് വ്യത്യസ്ത ഡോസുകൾ കുത്തിവച്ചിട്ടും അതിജീവിച്ചത്. ബുധനാഴ്ച നാഷ്‌വില്ലിലെ റിവർബെൻഡ് ജയിലിലായിരുന്നു സംഭവം. ബോധംനഷ്ടപ്പെട്ടെങ്കിലും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ക്രിസ്റ്റയുടെ ലീഗൽ ടീം ചികിത്സ നൽകണമെന്ന് കാട്ടി അടിയന്തര ഇടപെടൽ നടത്തി. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രണ്ടാമത്തെ ഡോസിനെ തടവുപുള്ളി അതിജീവിച്ചാൽ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോൾ ഇല്ലാത്തത് ജയിൽ അധികൃതരെ കുഴപ്പത്തിലാക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഗവർണർ ബിൽ ലീ, ടെന്നസിയിൽ ഇക്കൊല്ലം നിശ്ചയിച്ചിട്ടുള്ള എല്ലാ വധശിക്ഷകളും താത്കാലികമായി നിറുത്തിവയ്ക്കാൻ ഉത്തരവിട്ടു.
വധശിക്ഷ ഫയറിംഗ് സ്‌ക്വാഡ് വഴി മതിയെന്ന് ക്രിസ്റ്റ മുമ്പ് അഭ്യർത്ഥിച്ചിരുന്നെങ്കിലും അധികൃതർ തള്ളിയിരുന്നു. 19 വയസുള്ള സഹപാഠിയെ കൊലപ്പെടുത്തിയതിന് 1996ലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ ലഭിച്ചത്. 200 വർഷത്തിനിടെ ആദ്യമായിട്ടാണ് ടെന്നസിയിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |