
ഫ്ലൈ ദുബായ് വിമാനത്തിൽ സിനിമയെ വെല്ലും രംഗങ്ങൾ
ടെൽ അവീവ്: 'നിങ്ങളെ മരിക്കാൻ അനുവദിക്കില്ല..." നിലത്ത് രക്തത്തിൽ കുളിച്ചുകിടന്ന സ്മിത് മച്ചാറിന്റെ അടുത്ത് ആദ്യം ഓടിയെത്തിയ ഇസ്രയേൽ സ്വദേശി യാനിവ് ഹയൂൺ പറഞ്ഞു. പിന്നെ ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. മകൾ നോവയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന പ്ലംബറായ യാനിവ് അക്രമിയായ സഹ പൈലറ്റിനെ കീഴ്പ്പെടുത്തുക മാത്രമല്ല, താഴേക്ക് കൂപ്പുകുത്തിയ വിമാനത്തെ ദുരന്തത്തിൽ രക്ഷിക്കുകയും ചെയ്തു.
വിമാനത്തിലെ സങ്കീർണമായ കൺട്രോൾ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത യാനിവ്, വിമാനത്തിന്റെ സ്ഥിരത തിരിച്ചുപിടിച്ചത് ഏവരെയും ഞെട്ടിച്ചു. എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ (മേയ് ഡേ) എന്ന കനേഡിയൻ ഡോക്യുമെന്ററി പരമ്പരയിൽ നിന്ന് മനസിലാക്കിയ കാര്യങ്ങളാണ് യാനിവ് പ്രയോഗിച്ചത്. ഇസ്രയേലിൽ മടങ്ങിയെത്തിയ യാനിവുമായി ബെൻ ഗുരിയൻ വിമാനത്താവളത്തിൽ വച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. രക്തം പുരണ്ട വസ്ത്രം യാനിവ് മാറ്റിയിരുന്നില്ല.
സഹ പൈലറ്റിനെ കീഴ്പ്പെടുത്താൻ സ്വിക മാനെസ്, അസാഫ് രജ്വാൻ, യിറ്റ്ഷാക് ലീബർ എന്നീ ഇസ്രയേലി പൗന്മാരും യാനിവിനെ സഹായിച്ചു. ദന്തഡോക്ടറായ ഷോട്ട മുസേവ് സ്മിതിന് അടിയന്തര ചികിത്സ നൽകി. ഇവർക്ക് ഇസ്രയേൽ ധീരതയ്ക്കുള്ള പ്രസിഡൻഷ്യൽ മെഡൽ നൽകും. വിമാനത്തിലുണ്ടായിരുന്ന 174 പേരിൽ 166 പേരും ഇസ്രയേലികളായിരുന്നു.
# സംഭവിച്ചത്
കോക്പിറ്റിലെ ബഹളംകേട്ട് ഓടിയെത്തിയ യാനിവും ക്രൂ അംഗവും കണ്ടത് ഗുരുതരാവസ്ഥയിലെ സ്മിതിനെയും വിമാനം തകരാറിലാക്കാൻ ശ്രമിക്കുന്ന സഹ പൈലറ്റിനെയും
സഹ പൈലറ്റിനെ യാനിവ് പിന്നിൽ നിന്ന് പിടികൂടി. മറ്റു മൂന്ന് യാത്രികരും കോക്പിറ്റിലേക്ക്. ഏറ്റുമുട്ടലിനൊടുവിൽ സഹ പൈലറ്റിനെ പുറത്താക്കി
യാനിവ് കൺട്രോൾ സംവിധാനങ്ങൾ പിടിച്ച് പിന്നിലേക്ക് വലിക്കാൻ തുടങ്ങി. വിമാനം നേരെയായിത്തുടങ്ങി
യാത്രക്കാരിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഓടിയെത്തി നിയന്ത്രണം ഏറ്റെടുത്തു
# ചട്ടം ലംഘിച്ചു
ഒമാന് ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല. സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാരെ ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ അനുവദിക്കാൻ പാടില്ല. ഒമാനി സഹപൈലറ്റ് ടെൽ അവീവിലേക്കുള്ള യാത്രയ്ക്ക് എങ്ങനെ യോഗ്യത നേടിയെന്ന് ഇസ്രയേൽ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, വിമാനത്തിലെ യാത്രക്കാർക്കായി മറ്റൊരു വിമാനം എത്തിക്കാമെന്ന് ഇസ്രയേൽ അറിയിച്ചെങ്കിലും സൗദി തള്ളിയെന്ന് റിപ്പോർട്ടുണ്ട്. ഫ്ലൈ ദുബായ് അയച്ച വിമാനത്തിലാണ് ഇവരെ ഇസ്രയേലിൽ സുരക്ഷിതമായി എത്തിച്ചത്.
# ഓർമ്മയിൽ 9/11
ഫ്ലൈ ദുബായ് സംഭവം അമേരിക്കയെ നടുക്കിയ 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. 2001 സെപ്റ്റംബർ 11നാണ് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായി അൽ ക്വഇദ ഭീകരർ യു.എസിൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ട് വിമാനങ്ങളും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി. മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ഈ വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസോ ക്യാപിറ്റൽ മന്ദിരമോ ആയിരുന്നിരിക്കാം. ആക്രമണങ്ങളിൽ 2,977 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു. 1,878 പേരുടെ മൃതദേഹം മാത്രമാണ് ഇന്നേവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |