SignIn
Kerala Kaumudi Online
Sunday, 18 October 2026 5.45 PM IST

കൊവിഡ്: ചൈനയിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ

covid-china

ബീജിംഗ്: കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള പ്രധാന ചൈനീസ് നഗരങ്ങളിൽ നിരവധിപ്പേരിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പലയിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രാദേശിക സമ്പദ്‍വ്യവസ്ഥകളെ വീണ്ടും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

കൊവിഡ് നിയന്ത്രണത്തിലാകും വരെ അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി.ഷാങ്ഹായിലെയും വുഹാനിലെയും പോലെ വ്യാപകമായി കൊവിഡ് പടരാതിരിക്കാനുള്ള മുൻകരുതലായാണിത്. വ്യാഴാഴ്ച ചൈനയിൽ 1993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 614 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 1,379 പേർക്കും കാര്യമായ ലക്ഷണങ്ങളില്ല.

ചൈനയുടെ കയറ്റുമതി നഗരമായ യിവു മൂന്ന് ദിവസത്തെ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം ജനങ്ങൾ പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം.

അവശ്യസാധനങ്ങൾ വാങ്ങുന്നത്, കൊവിഡ് പരിശോധന, ആശുപത്രി സന്ദർശനം എന്നിവയ്ക്കായി മാത്രം പുറത്തിറങ്ങാം.

ഷിൻജിയാങ് പ്രവിശ്യയിലെ മൂന്ന് നഗരങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കും ഓഫീസിൽ പോകുന്നതിനും മാത്രമാണ് അനുമതിയുള്ളത്.

ഭീഷണിയായി പുതിയ വൈറസ്

കിഴക്കൻ ചൈനയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗിയ വൈറസ് കൂടുതൽപ്പേരിലേക്ക് വ്യപിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലാണ് ഹെനിപ്പാ വൈറസ് ഇനത്തിൽപ്പെട്ട പുതിയ വൈറസായ ലാംഗിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

പനി ബാധിച്ച് ചികിത്സ തേടിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് സമ്പർക്കത്തിലൂടെയല്ല രോഗം പകർന്നിരിക്കുന്നത്. അതിനാൽ, രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിൽ വ്യക്തതയില്ല. ഇതിനെതിരെ മനുഷ്യർക്ക് വാക്സിനുകൾ ലഭ്യമല്ല. മനുഷ്യരിലെ രോഗ തീവ്രത സംബന്ധിച്ച ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

വവ്വാലുകളിലെ മാരകമായ നിപ വൈറസിന്റെ കുടുംബത്തിൽപ്പെട്ടതാണ് ലാംഗിയ വൈറസ്. കരളിനെയും വൃക്കയെയും ബാധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360