SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

ടി.കെ. ഗോവിന്ദനെ പുറത്താക്കി സി.പി.എം 'നടത്തിയത് നുണപ്രചാരണം'

t-k-govindan

കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കി. ടി.കെ.ഗോവിന്ദൻ കഴിഞ്ഞദിവസം നടത്തിയത് പച്ചനുണ പ്രചാരണമാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ വീണ ഗോവിന്ദൻ യു.ഡി.എഫിന്റെ ചട്ടുകമായി മാറി.

അധികാരമോഹം കൊണ്ടുനടക്കുന്ന ആളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ല.
ഒരു ഘട്ടത്തിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥി ചർച്ചകളിൽ ടി.കെ.ഗോവിന്ദന്റെ പേര് ആരും ഉന്നയിച്ചിരുന്നില്ല. ഗോവിന്ദൻ സ്വയം പേര് പറയുകയായിരുന്നു. പി.കെ.ശ്യാമളയ്ക്ക് പകരം മറ്റേത് സ്ഥാനാർത്ഥി ആയിരുന്നെങ്കിലും ഗോവിന്ദൻ ഇതേനിലപാട് തന്നെ സ്വീകരിക്കുമായിരുന്നു.

ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ബന്ധുത്വം പരിഗണിച്ചല്ല. 40 വർഷത്തെ കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവെന്ന നിലയ്ക്കാണ്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.


ആന്തൂരിൽ സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി.കെ.ശ്യാമളക്കെതിരെ ടി.കെ.ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പറഞ്ഞു. ആ കെട്ടിടത്തിന് ഇപ്പോഴും പെർമിറ്റ് ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ ന്യൂനതകളിൽ ചിലത് പരിഹരിച്ചതോടെ താത്കാലിക അനുമതി നൽകിയതാണ്. സാജന്റെ മരണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ശ്യാമളയുടെ പേരില്ല.

ആന്തൂർ സംഭവം പുറത്തു

പറയിപ്പിക്കരുത്: ടി.കെ. ഗോവിന്ദൻ

നുണപറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാനാവില്ലെന്ന് സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ടി.കെ.ഗോവിന്ദൻ. ആന്തൂരുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുറത്തു പറയിപ്പിക്കരുത്. ആന്തൂരിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ നഗരസഭയുടെ നടപടികൾ പുറത്തുവന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. എം.എൽ.എയാകണമെന്നോ സ്ഥാനങ്ങൾ നേടണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നിരവധി തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി പ്രവർത്തിച്ചിട്ടും ഒരുപദവിയും ആവശ്യപ്പെട്ടിട്ടില്ല. മൂന്നുതവണ എം.എൽ.എയായതിനുശേഷം ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ നടപടി പാർലമെന്ററി വ്യാമോഹമല്ലേ. സ്വന്തം താത്പര്യങ്ങൾക്കായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത പാർട്ടിയിൽ ശക്തമാണ്. കമ്മ്യൂണിസ്റ്റ് മൂല്യം ജീവിതം മുഴുവൻ പിന്തുടരും. പാർട്ടിക്കെതിരായ വിമർശനങ്ങളിൽ നിന്ന് പിന്മാറില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA