SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

അജിത്തിന് ഡി.ജി.പി റാങ്ക് കിട്ടാൻ (ഡെക്ക്)​ 'രക്ഷാപ്രവൃത്തി' റിപ്പോർട്ട് ഡി.ജി.പി തിരിച്ചയച്ചു

1

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറി സംബന്ധിച്ച എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി തിരിച്ചയച്ചു. വ്യാജ തെളിവുണ്ടാക്കിയും രേഖകൾ തിരുത്തിച്ചും എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അന്വേഷണം അട്ടിമറിച്ചെന്നായിരുന്നു റിപ്പോർട്ട്. അജിത്തിന്റെ വിശദീകരണവും നിയമോപദേശവും തേടിയ ശേഷമാണ് ഡി.ജി.പിയുടെ നടപടി. വ്യക്തതയില്ലാത്ത ഭാഗങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും അന്വേഷിക്കാനും നിർദ്ദേശിച്ചു. കഴിഞ്ഞമാസം 23ന് എസ്.ഐ.ടി നൽകിയ റിപ്പോർട്ട് 21 ദിവസം കൈവശം വച്ചശേഷമാണ് ഡി.ജി.പി തിരിച്ചയച്ചത്.

ഈമാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. സ്ഥാനക്കയറ്റം നിശ്ചയിക്കാൻ ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരങ്ങിയ സ്ക്രീനിംഗ് കമ്മിറ്റി അടുത്തയാഴ്ച ചേരാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് ഡി.ജി.പി തിരിച്ചയച്ചത്. അതേസമയം, അജിത്തിനെതിരെ പഴുതടച്ച നടപടിയെടുക്കാനാണ് റിപ്പോർട്ടിൽ വ്യക്തത തേടിയതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായാൽ കോടതിയിൽ തിരിച്ചടിയുണ്ടാവുമെന്നാണ് വിശദീകരണം. നിലവിൽ ബിവറേജസ് കോർപറേഷൻ ചെയർമാനാണ് അജിത്കുമാർ. അജിത്തിന് ഡി.ജി.പി റാങ്ക് ലഭിച്ചില്ലെങ്കിൽ എസ്.ശ്രീജിത്തിനാണ് കിട്ടേണ്ടത്.

നടപടിക്ക് ശുപാർശ?​

മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ അജിത്തിനെതിരേ നടപടിക്ക് ശുപാർശ ചെയ്യാൻ എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് കഴിയുമായിരുന്നില്ല. പൊലീസ് മേധാവിയാണ് ഇതിനുള്ള ശുപാർശ സർക്കാരിന് നൽകേണ്ടത്. താഴ്‌ന്ന റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നെങ്കിൽ കേസെടുക്കാൻ അനുമതി തേടാമായിരുന്നു. വ്യാജരേഖയുണ്ടാക്കൽ, തെളിവുനശിപ്പിക്കൽ, അന്വേഷണം അട്ടിമറിക്കൽ അടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് കേസെടുക്കാനാവുമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. കേസ് ഡയറി തിരുത്തിയതിനടക്കം കേസെടുത്തില്ലെങ്കിൽ ഗൺമാൻമാരുടെ മർദ്ദനക്കേസ് നിലനിൽക്കില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.

 വ്യക്തത തേടിയത്?​

1. കേസ് അട്ടിമറിയിൽ അജിത്കുമാറിന്റെ നേരിട്ടുള്ള ഇടപെടലിനെക്കുറിച്ചാണ് ഡി.ജി.പി വ്യക്തത തേടിയത്. ആദ്യ അന്വേഷണസംഘത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയപ്പോൾ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിലായിരുന്നെന്നാണ് അജിത്ത് ഡി.ജി.പിയോട് വിശദീകരിച്ചത്.

2. അന്വേഷണസംഘത്തെ വിളിച്ചുവരുത്തിയ ദിവസം, രാവിലെ 11മുതൽ വൈകിട്ട് നാലുവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിൽ അജിത്ത് അവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA