
തീരുമാനം 15ദിവസത്തിനകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റദ്ദാക്കിയ സിൽവർലൈനിന് പകരം റെയിൽവേയുമായി ചേർന്നും മെട്രോമാൻ ഇ.ശ്രീധരന്റെ സഹായത്തോടെയും അതിവേഗറെയിൽ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്. കേന്ദ്രത്തിന് താത്പര്യമുള്ള പദ്ധതിയായതിനാൽ സംസ്ഥാനസർക്കാർ ശ്രീധരന്റെ പദ്ധതിയുമായി സഹകരിക്കും. ഒരുമിച്ച് നീങ്ങാമെന്നും 15ദിവസത്തിനകം മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ശ്രീധരനോട് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതിയോടെ 5വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് ശ്രീധരന്റെ ഉറപ്പ്. ശ്രീധരനുമായി ചേർന്ന് അതിവേഗ റെയിൽപ്പാത വരുമെന്ന് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഭൂഗർഭപാതയ്ക്കല്ലാതെ ഭൂമിയേറ്റെടുക്കലില്ലാത്തതിനാൽ ജനങ്ങളുടെ എതിർപ്പുണ്ടാവില്ല. എലിവേറ്റഡ് പാതയ്ക്ക് 20മീറ്റർ വീതിയിൽ ഭൂമി മതിയാവും. നിർമ്മാണം പൂർത്തിയാക്കിയാൽ ഭൂമി ഉടമയ്ക്ക് തിരികെ നൽകും. അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ടതാണ് സിൽവർലൈനിനെതിരേ ജനരോഷമുയരാനിടയാക്കിയത്. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180കി.മി വേഗമുള്ള പദ്ധതിയാണിത്. 465കി.മി ദൂരം 3.20മണിക്കൂറിൽ എത്താനാവുന്ന പാതയിൽ 20-30കി.മി ഇടവിട്ട് 22സ്റ്റേഷനുകളുണ്ടാവും. എ.സി.ചെയർകാറിലും വന്ദേഭാരതിലും കുറഞ്ഞ നിരക്കായിരിക്കും. അതിനാൽ സാധാരണക്കാർക്കും അതിവേഗ റെയിൽയാത്ര സാദ്ധ്യമാവുമെന്ന് ശ്രീധരൻ വിശദീകരിച്ചു.
കണ്ണൂർ വരെയാണ് പദ്ധതിരേഖ, എങ്കിലും അടുത്തഘട്ടങ്ങളിൽ കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും ഗുരുവായൂരിലേക്കും പാത നീട്ടാമെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്കും പാത നീട്ടാം. 30000 റോഡ് യാത്രികർ അതിവേഗറെയിലിലേക്ക് മാറും. 3500കോടി വിലയുള്ള ഇന്ധനം പ്രതിവർഷം ലാഭിക്കാം. അതിവേഗറെയിൽ തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടശേഷം ശ്രീധരനുമായി ചർച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
₹ 54000കോടി
പ്രതീക്ഷിക്കുന്നചെലവ്. 70%കേന്ദ്ര-സംസ്ഥാന വിഹിതമാണ്. 30% വായ്പയായും ബോണ്ടിറക്കിയും സമാഹരിക്കും. കേന്ദ്രം 20171കോടിയും സംസ്ഥാനം 19380കോടിയും മുടക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |