
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകൾ ജനങ്ങളുടെ ആശ്രയകേന്ദ്രമാവണമെന്നും, സേവനം നൽകാതിരിക്കുന്നതടക്കം ഒരു തരത്തിലുള്ള വീഴ്ചകളും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരാതികളിൽ കൃത്യവും സമയബന്ധിതവുമായ അന്വേഷണം വേണം. വിവരങ്ങൾ പരാതിക്കാരെ അറിയിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ ഉടനടി നടപടിയെടുക്കണം. കസ്റ്റഡി മർദ്ദനം വച്ചു പൊറുപ്പിക്കില്ല. മർദ്ദകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാവും- ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ചേർന്ന ഐ.ജിമാർ മുതൽ പൊലീസ് മേധാവി വരെയുള്ള ഉന്നതരുടെ യോഗത്തിൽ സർക്കാരിന്റെ പൊലീസ് നയം ചെന്നിത്തല വ്യക്തമാക്കി.
സ്റ്റേഷനുകളിൽ ശുചിത്വം വേണം. ജനങ്ങൾക്ക് ഇരിപ്പിടവും കുടിവെള്ളവും നൽകണം.
മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ നീക്കണം. പരാതികൾ അവഗണിക്കുകയോ ഒത്തുതീർപ്പുണ്ടാക്കുകയോ ചെയ്യരുത്. പെരുമാറ്റം മെച്ചപ്പെട്ടതാക്കാൻ സി.പി.ഒ മുതൽ ജില്ലാ പൊലീസ് മേധാവി വരെയുള്ളവർക്ക് പരിശീലനം നൽകും. ഉന്നതതലത്തിലും പരിശീലനമുണ്ടാവും. സംഭവങ്ങളുടെ നിജസ്ഥിതി കണക്കിലെടുത്താവണം അന്വേഷണം. പ്രാകൃതരീതി ഉപയോഗിക്കരുത്. മൂന്നാം മുറ പാടില്ല. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്. ക്രിമിനൽ-ബിനാമി-ഗുണ്ടാ ബന്ധമുള്ളവരുമായി ഒരു തരം ബന്ധവും പാടില്ല. സാമ്പത്തിക കുറ്റകൃത്യം തടയാൻ കർമ്മപദ്ധതിയുണ്ടാക്കണം. ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട ശക്തമായി തുടരണം. ലഹരിഉറവിടം കണ്ടെത്തി ഇല്ലാതാക്കണം. സ്റ്റേഷൻ ചുമതലയിലേക്ക് എസ്.ഐമാരെത്തുമ്പോൾ ക്രമസമാധാനപാലനവും കേസന്വേഷണവും ഫലപ്രദമാക്കണം. അടുത്ത ദിവസങ്ങളിൽ എസ്.എച്ച്.ഒമാർ വരെയുള്ളവരുടെ ഓൺലൈൻ യോഗം വിളിച്ച് ഇക്കാര്യം വിശദീകരിക്കും.
സ്ഥാനക്കയറ്റത്തിന്
പരിശീലനം നിർബന്ധം
□എസ്.ഐ മുതലുള്ളവരുടെ സ്ഥാനക്കയറ്റത്തിന് പരിശീലനം നിർബന്ധമാക്കും. ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ജില്ലാതലത്തിൽ മൂന്നാഴ്ച പരിശീലനം. ഡിവൈ.എസ്.പി, എസ്.പി സ്ഥാനക്കയറ്റത്തിന് പൊലീസ് അക്കാഡമിയിലാവും പരിശീലനം.
□എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുമ്പോൾ ഇൻസ്പെക്ടർമാർക്ക് മൂന്നോ നാലോ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയുണ്ടാവും. ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.ഐ.ജി- ഐ.ജിമാരും സ്റ്റേഷനുകളിൽ ഇടയ്ക്കിടെ പരിശോധനയ്ക്കെത്തണം- ചെന്നിത്തല പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |