SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

റെയ്‌ഡിന് മിന്നൽ നീക്കം, ലക്ഷ്യം സ്വത്തു വിവരം

raid-1

കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ മിന്നൽ വേഗത്തിൽ ഇ.ഡി ഡൽഹി ആസ്ഥാനം ആസൂത്രണംചെയ്‌ത നീക്കമാണ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ നടന്ന റെയ്‌ഡ്. അതേസമയം, ഇല്ലാത്ത സേവനത്തിന് നൽകിയ പ്രതിഫലം കള്ളപ്പണമായി കണക്കാക്കി സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ നടപടി സ്വീകരിക്കാൻ ഭദ്രമായ തെളിവുകൾ കണ്ടെത്തുകയാണ് ഇനി ഇ.ഡിയുടെ മുന്നിലുള്ള വെല്ലുവിളി.

ഇ.ഡി അന്വേഷണത്തെ ചോദ്യംചെയ്‌ത് സി.എം.ആർ.എൽ കമ്പനി നൽകിയ ഹർജി ചൊവ്വാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. അതോടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡൽഹി ആസ്ഥാനം തിരക്കിട്ട നീക്കം ആരംഭിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ പിണറായിക്കൊപ്പം മകൾ വീണയുമുണ്ടെന്ന് ഇ.ഡിയുടെ ഇന്റലിജൻസ് വിഭാഗം ഉറപ്പിച്ചു. കൊച്ചിക്ക് പുറമെ കോഴിക്കോട് റീജിയണൽ ഓഫീസും ബംഗളൂരുവിലെ ഓഫീസും അതിവേഗം നടപടികൾ നീക്കി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. സുരക്ഷയൊരുക്കാൻ സി.ഐ.എസ്.എഫും സജ്ജമായി. തുടർന്ന് പുലർച്ചെ ആറോടെ റെയ്ഡ് ആരംഭിക്കുകയായിരുന്നു.

2015- 2022 കാലഘട്ടത്തിലാണ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്സാലോജിക്കിന് സി.എം.ആർ.എൽ 2.78 കോടിരൂപ നൽകിയത്. ഇടപാടുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകളും തെളിവുകളും കിട്ടാൻ ഇടയില്ലെന്ന ബോദ്ധ്യത്തോടെയാണ് റെയ്ഡ് നടത്തിയത്. നിക്ഷേപങ്ങൾ, സ്വത്തുക്കൾ എന്നിവയുടെ രേഖകളാണ് തേടിയത്. എക്സാലോജിക് നടത്തിയ പണമിടപാട് വിവരങ്ങൾ ബംഗളൂരുവിൽ ശേഖരിച്ചു.

ഇതടക്കം നിരത്തി വീണയിൽനിന്ന് ഇ.ഡി വിശദീകരണം തേടും. നിക്ഷേപം നടത്തിയ തുക, സ്വത്തുക്കൾ എന്നിവയുടെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെടും. ഉറവിടം രേഖാമൂലം വ്യക്തമാക്കാൻ വീണയ്‌ക്ക് കഴിയാതെ വന്നാൽ പിതാവ് മുഖ്യമന്ത്രിയായിരിക്കെ മകളെന്ന സ്വാധീനത്തിൽ സമ്പാദിച്ച തുകയെന്ന് കണക്കായി നടപടി സ്വീകരിക്കാം. തുടർന്ന് സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടുന്നത് ഉൾപ്പെടെ നടപടിയെടുക്കാനും ഇ.ഡിക്ക് കഴിയും.

കേസുകൾ കടമ്പ

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ആദായനികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) എന്നിവ കോടതികളിൽ സമർപ്പിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയും അന്വേഷണം തുടരാൻ കഴിയുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. വിവിധ ഏജൻസികളുടെ അന്വേഷണങ്ങൾ ചോദ്യംചെയ്‌ത് സി.എം.ആർ.എൽ ഉൾപ്പെടെ ഡൽഹി, കേരള ഹൈക്കോടതികളിലും സുപ്രീംകോടതിയിലും സമർപ്പിച്ച ഹർജികളിലും നടപടികൾ തുടരുകയാണ്. ഇവയിലെ അന്തിമവിധി വരുന്നതുവരെ അന്വേഷണം പൂർത്തിയാക്കാൻ ഏജൻസികൾക്കും കഴിയില്ല. അതിനാൽ കുറ്റപത്രം സമർപ്പിക്കലുൾപ്പെടെ നീളുമെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ED RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA