
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ എസ്.എഫ്.ഐ സമരത്തിന്റെ ഭാഗമായി വൈസ്ചാൻസലറുടെ പ്രതീകാത്മക ശവദാഹ ചടങ്ങ് നടത്തിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണറുടെ നിർദ്ദേശം. ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ ലോക്ഭവനിൽ എത്തിയപ്പോഴാണ് ഗവർണർ ആർ.വി.ആർലേക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിദ്യാർത്ഥികളുടെ പ്രതിഷേധം എന്ന രീതിയിൽ നിസാരമായി ഇതിനെ കാണരുതെന്ന് ഗവർണർ ആവശ്യപ്പെട്ടു. അതേസമയം, വി.സി ഡോ.സിസ തോമസിന് എതിരെയുണ്ടായ ഈ പ്രതിഷേധത്തിൽ ശക്തവും കർശനവുമായ നടപടി വേണമെന്ന് ഗവർണർക്കും സർക്കാരിനും വി.സിമാർ കത്ത് നൽകി. വി.സിമാരായ ഡോ.മോഹനൻ കുന്നുമ്മേൽ, ഡോ.പി. രവീന്ദ്രൻ, ഡോ.സജി ഗോപിനാഥ്, ഡോ.ഡി.മാവൂത്ത്, ഡോ.ജുനൈദ് ബുഷരി, ഡോ.കെ.കെ.സാജു, ഡോ.വി.പി.ജഗതിരാജ്, ഡോ.എ.ബിജുകുമാർ, ഡോ.ടി.സജിത റാണി, ഡോ.കെ.എസ്.അനിൽ, ഡോ.സി.ആർ.പ്രസാദ് എന്നിവരാണ് കത്ത് നൽകിയത്.
പരാതി നൽകാൻ വി.സി
എസ്.എഫ്.ഐക്കാർ തന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തിയതിനെതിരെ വി.സി സിസ തോമസ് ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കാഴ്ചക്കാരായി നിന്ന പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടു.
നിഷേധിച്ച് എസ്.എഫ്.ഐ
സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച വി.സിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന വാർത്ത എസ്.എഫ്.ഐ നിഷേധിച്ചു. യൂണിവേഴ്സിറ്റി തിയേറ്ററിൽ വൈദ്യുതിയില്ലെന്നും രാത്രി വെളിച്ചക്കുറവുള്ള ഭാഗത്ത് പ്രകാശിക്കാത്ത ബൾബ് കാണിച്ചായിരുന്നു സമരമെന്നും യൂണിറ്റ് സെക്രട്ടറി എ.ശ്യാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |