SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

ശബരിമല സ്വർണക്കൊള്ള: ശ്രീകോവിലിലെ പ്രഭാമണ്ഡലം സാമ്പിളെടുക്കാൻ അനുമതി

sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. ജസ്‌റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഇതിന് എസ്.ഐ.ടിക്ക് അനുമതി നൽകി. പത്തു ദിവസത്തിനകം പരിശോധന പൂർത്തിയാക്കണം.

നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ഈ പാളികളുടെ പരിശോധന അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരൻ കോടതിയെ അറിയിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതിനാലാണ് മുമ്പ് സാധിക്കാതിരുന്നത്. 2019ൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ലോഹപ്പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

ഇതിനായി പ്രതികൾ ഉപയോഗിച്ച രാസവസ്തുവും (സ്ട്രിപ്പിംഗ് സാൾട്ട്) ശാസ്ത്രീയമായി പരിശോധിക്കും. സ്വർണം ഊറ്റിയതിന്റെ രീതി മനസിലാക്കാൻ ഇത് നിർണായകമാണ്.

2025 സെപ്തംബറിൽ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതു സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.

അന്വേഷണസംഘാംഗമായ ഇൻസ്പെക്ടർ പി.ബി.അനീഷിനെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലേക്ക് നിയോഗിച്ചതിനാൽ അദ്ദേഹത്തെ അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കാൻ കോടതി അനുമതി നൽകി. കേസ് വീണ്ടും 18ന് പരിഗണിക്കും. അന്ന് പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം കോടതിയെ അറിയിക്കും.

വ്യക്തമായ ധാരണ

ലഭിച്ചെന്ന് എസ്.ഐ.ടി

നാഷണൽ ലാബിലെ റിപ്പോർട്ടും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ റിപ്പോർട്ടും ചേർത്തു പരിശോധിച്ചപ്പോൾ സ്വർണം കവർന്ന രീതിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഇതുവരെ 408 സാക്ഷികളുടെ മൊഴിയെടുത്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ശേഷിക്കുന്ന പരിശോധനാ ഫലങ്ങൾ കൂടി വിലയിരുത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA