SignIn
Kerala Kaumudi Online
Monday, 18 May 2026 1.36 PM IST

സതീശൻ മന്ത്രിസഭ റെഡി; മുഖ്യനും മന്ത്രിമാർക്കും ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും അറിയാം

udf-government

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉള്ളത്. പത്ത് വർഷത്തെ ഇടത് ഭരണത്തിനുശേഷമാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. പുതുമുഖങ്ങൾ ഏറെയുള്ള പുതിയ സർക്കാരിന്റെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് വിശദമായി പരിശോധിക്കാം.

കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അടിസ്ഥാന ശമ്പളവും അലവൻസുകളും ചേ‍ർത്ത് 1,85,000 രൂപയാണ് മാസംതോറും ലഭിക്കുക. യാത്രയ്ക്കായി ഔദ്യോ​ഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. ഇതിനുപുറമേ ട്രെയിൻ-വിമാനയാത്രകൾക്ക് പ്രത്യേക യാത്രാ അലവൻസുകളും സൗകര്യങ്ങളും ഉണ്ടാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷനും ലഭിക്കും. ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി. ഈ ബം​ഗ്ലാവിന് 24 മണിക്കൂറും കനത്ത സുരക്ഷയും ഉണ്ടായിരിക്കും.

മന്ത്രിമാരുടെ അടിസ്ഥാനശമ്പളം 2000 രൂപയാണ്. ക്ഷാമബത്ത (ഡിഎ) ആയി 38,429 രൂപ എല്ലാമാസവും ലഭിക്കും. മണ്ഡല അലവൻസ് ആയി 40,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ അലവൻസിനായി മന്ത്രിമാർക്ക് 17,000 രൂപയും ലഭിക്കും. ഒരു മാസം ആകെ മന്ത്രിമാരുടെ ശമ്പളം 97,429 രൂപയാണ്. കൂടാതെ മന്ത്രിമാർക്കും അവരുടെ കുടുംബത്തിനും പൂർണ ചികിത്സാ പരിരക്ഷയും ലഭിക്കും. വെഹിക്കിൾ അഡ്വാൻസ് ആയി 10 ലക്ഷം രൂപ, ഹൗസ് അഡ്വാൻസ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങളുണ്ട്. ഇതിനുപുറമേ മന്ത്രിമാർക്ക് സ്വന്തമായി ഔദ്യോ​ഗിക വസതിയും, കാറും, പൈലറ്റ് വാഹനവും ലഭിക്കും.

എംഎൽഎമാരുടെ മാസശമ്പളം ഏകദേശം 70,​000രൂപയാണ്. നിയോജക മണ്ഡലം അലവൻസ് 25,000 രൂപ, യാത്രാ അലവൻസ് 20,000 രൂപ,​ ടെലിഫോൺ (11,000), ഇൻഫർമേഷൻ (4,000), മറ്റ് അലവൻസുകൾ (8,000) എന്നിവ ഉൾപ്പെടെയാണ് 70,​000 രൂപ കണക്കാക്കുന്നത്. കൂടാതെ സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രതിദിനം 1,000 രൂപ വീതം ബത്തയും ലഭിക്കും. എംഎൽഎമാർക്ക് സ്വന്തം വാഹനത്തിന് കിലോമീറ്ററിന് 10 രൂപ വീതം ഇന്ധന ബത്ത ലഭിക്കുമ്പോൾ, കെ.എസ്.ആർ.ടി.സി ബസുകളിൽ ആജീവനാന്ത സൗജന്യ യാത്ര അനുവദനീയമാണ്. ട്രെയിൻ യാത്രയ്ക്കും ഇന്ധനത്തിനുമായി പ്രതിവർഷം 4 ലക്ഷം രൂപയുടെ ട്രാവൽ കാർഡും ഇവർക്ക് ലഭിക്കുന്നു. ഇന്ത്യയിൽ എവിടെയും ഫസ്റ്റ് ക്ലാസ് എ സി സൗകര്യത്തോടെ യാത്ര ചെയ്യാൻ എംഎൽഎയ്ക്കും കുടുംബാംഗങ്ങൾക്കും ഒരു സഹായിക്കും ഇതിലൂടെ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA MINISTERS, VD SATHEESAN, SALARY, BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA