SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

സലിംകുമാറിന്റെ മകൻ പറഞ്ഞത് പൊലീസ് ശ്രദ്ധയിൽ , റീൽസുകാർ കുടുങ്ങും

READ ENGLISH VERSION
tou

തിരുവനന്തപുരം: സന്ദർഭവും സുജന മര്യാദയും പാലിക്കാതെ സാമൂഹികജീവിതത്തെ അലങ്കോലമാക്കുന്ന ഓൺലൈൻ മാദ്ധ്യമക്കാരെ പിടിച്ചുകെട്ടാൻ ആഭ്യന്തരവകുപ്പ് ഒരുക്കം തുടങ്ങി. സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചുകയറുന്ന

ഇത്തരക്കാർക്കെതിരെ സലിംകുമാറിന്റെ മകൻ ചന്തു കഴിഞ്ഞ ദിവസം പ്രകടിപ്പിച്ച കോപമാണ് പ്രേരണയായത്. മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അഴിയെണ്ണേണ്ടിവരുമെന്ന് പൊലീസ് ഔദ്യോഗിക പോസ്റ്റിൽ അറിയിച്ചു.

വടക്കൻ പറവൂറിലെ 'ലാഫിംഗ് വില്ല"യിലേക്ക് സലിംകുമാറിന്റെ മൃതദേഹം കൊണ്ടുവന്നത് ടൗൺ ഹാളിലെ പൊതുദർശനശേഷമാണ്. അവിടെ വന്ന സെലിബ്രിറ്റികളുടെ പിറകെ റീൽസുണ്ടാക്കാൻ നടന്നവരുടെ മനസിൽ കിട്ടാൻ പോകുന്ന ലൈക്കുകളെ കുറിച്ചോർത്തുള്ള ആഹ്ലാദം മാത്രമായിരുന്നു. സ്വന്തം മാതാപിതാക്കൾ അപകടത്തിൽപ്പെടുമ്പോഴും റീൽസെടുത്ത് ലൈക്ക് നേടാൻ ഒരുമ്പെടുന്ന ഇത്തരക്കാരെ നിലയ്ക്കു നിറുത്തണമെന്ന വികാരം ഉൾക്കൊണ്ടാണ് പൊലിസ് വകുപ്പ് നീങ്ങുന്നതെന്നാണ് അറിയുന്നത്.

അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മക്കളുടെ, പ്രിയതമൻ നഷ്ടപ്പെട്ട തോരാദുഃഖത്തിൽ വിലപിക്കുന്ന ഭാര്യയുടെ മുന്നിലേക്കാണ് ഈ കുത്സിതജീവികൾ ഇടിച്ചുകയറിയത്. സലിംകുമാറിന്റെ മകൻ ചന്തു അവരെ തല്ലാതിരുന്നത് അദ്ദേഹത്തിന്റെ സുജനബോധം കൊണ്ടാണ്.

ഇത്തരക്കാരെ കയറൂരിവിട്ടാൽ അത് സാംസ്കാരിക കേരളത്തിന് അപമാനമാകുമെന്ന മുന്നറിയിപ്പ് നൽകി സിനിമാരംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

സ്ഥിരം അലങ്കോലക്കാർ

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ.കരുണിന്റെ മൃതശരീരം പൊതുദർശനത്തിനു വച്ചപ്പോഴും സെലിബ്രിറ്റികളെ പകർത്താനായി ഇവരുണ്ടായിരുന്നു. ഇവർക്കെതിരെ നിർമ്മാതാവ് രഞ്ജിത്ത് തട്ടിക്കയറുകയും ചെയ്തു. നടൻ ശ്രീനിവാസൻ മരിച്ചപ്പോഴും ഇക്കൂട്ടരുടെ ശല്യം അതിരുവിട്ടിരുന്നു.

ആ നടനെ കണ്ടപ്പോൾ ഈ നടി ചെയ്തതു കണ്ടോ? സൂപ്പർതാരം മകളുമായി വരുന്നതു കണ്ടോ? എന്നിങ്ങനെയുള്ള ക്യാപ്ഷൻ ഇട്ട് യു.ട്യൂബിലും ഇൻസ്റ്റയിലും പോസ്റ്റ് ചെയ്യലാണ് ഇവരുടെ ക്രിമിനൽഹോബി.

സർക്കാർ മാറിയതോടെ സെക്രട്ടേറിയറ്രിനകത്തും ഓൺലൈൻ മീഡിയ എന്ന പേരിൽ റീൽസുകാരുടെ തള്ളിക്കയറ്റമാണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വരെ ഇവരെ കാണാം.

അഴിയെണ്ണേണ്ടിവരും

2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഇന്നലെ ഫെയിസ് ബുക്കിലൂടെ ഓർമ്മപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SALIMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA