
തിരുവനന്തപുരം: പ്രശസ്തിയും പാരമ്പര്യവുമുള്ള വിദേശ സർവകലാശാലകളുടെ സെന്ററുകൾ കേരളത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ നിന്നും യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാനാും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരം മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ്. യുവാക്കളെ കേരളത്തിൽ തന്നെ നിറുത്താൻ കഴിയണം. അവർക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും, അർഹിക്കുന്ന ജോലിയും ലഭിക്കണം. എ.ഐ കൂടി വന്നതോടെ ജോലിയുടെ സ്വാഭാവവും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ബജറ്റിൽ നോളജ് വാലി പദ്ധതിയും ഗേ്ളാബൽ വാച്ച് ടവറും ഉൾപ്പെടുത്തിയത്.
തൊഴിൽ രംഗത്തെ മാറ്റങ്ങൾ പഠിക്കാൻ വിദഗ്‌ദ്ധരെ നിയോഗിക്കുകയും അതിനുസരിച്ച് കരിക്കുലം മാറ്റുകയും ചെയ്യും. ബഹിരാകാശ ശാസ്ത്രം ഉൾപ്പെടെയുള്ള മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഗേ്ളാബൽ ജോബ് വാച്ച് ടവറിന്റേയും സ്‌പേസ് ഇക്കോണമിയുടെയും കാര്യത്തിൽ ഉപദേശകന്റെ സ്ഥാനത്തേക്ക് ഡോ.എസ്.സോമനാഥിന്റെ ക്ഷണിക്കുന്നു.
താൻ സ്ഥിരമായി വായിക്കുന്ന കേരളകൗമുദിയിലൂടെയാണ് എൻ.രാമചന്ദ്രനെന്ന മാധ്യമ പ്രവർത്തകനെ അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തസുറ്റ മാദ്ധ്യമ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. വിമർശനം ഏൽക്കുന്ന ആളിന് ചിന്തിക്കാനും തിരുത്താനുമുള്ള രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തെന്നും മുഖ്യമന്ത്രിപറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്.നായർ, എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാ വർമ്മ, സെക്രട്ടറി പി.പി. ജയിംസ്, വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ, വൈസ് വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, ഡോ. നീതാ ശശിധരൻ, എൻ. രാമചന്ദ്രന്റെ മക്കളായ ലക്ഷ്മീദേവി, ലേഖാ മോഹൻ എന്നിവർ പങ്കെടുത്തു. എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ ഉപഹാരം
ദീപു രവി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ബഹിരാകാശ മേഖലയിൽ കൂടുതൽ നിക്ഷേപം വരും: എസ്. സോമനാഥ്
ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പണം മുടക്കാൻ നിക്ഷേപകർക്ക് ആത്മവിശ്വാസം കൈവന്നിട്ടുണ്ടെന്ന് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. കേരള വികസനത്തിന്റെ ഭാഗമാകാനുള്ള ഉപദേശക ബോർഡിലേക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. എൻ.രാമചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യമേഖലയ്ക്കും അവസരം നൽകുന്നതാണ് ബഹിരകാശ നയം. ഇതു വലിയ മാറ്റങ്ങളാകും സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരിക. സംസ്ഥാനം ബഹിരാകാശ മേഖലയിൽ താത്പര്യം കാണിക്കുന്നതായാണ് മനസിലാക്കുന്നത്. യുവാക്കൾക്ക് ജോലികൊടുക്കാൻ കഴിയുന്ന വലിയ അവസരമാക്കി ഇതിനെ മാറ്റാം. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളെ ബഹിരകാശ മേഖലയുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും എസ്. സോമനാഥ് പറഞ്ഞു.
മസിൽ പവറിനൊപ്പം ബ്രെയിൻ പവർ കൂടി യന്ത്രത്തിന് കൊടുത്ത കാലഘട്ടമാണിതെന്ന് എൻ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ എസ്. നായർ പറഞ്ഞു. മനുഷ്യ സദൃശ റോബോട്ടുകൾ ഓരോ മേഖലയിലയും എത്തുന്ന കാലം വിദൂരമല്ല. ഭാവിയിൽ മനുഷ്യരുടെ എണ്ണം കുറയുകയും റോബോട്ടുകളുടെ എണ്ണം കൂടുകയും ചെയ്യും. മാദ്ധ്യമപ്രവർത്തന രംഗത്തും റോബോട്ടുകൾ കടന്നുവരുമോ എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ ഉപഹാരം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഡോ. അച്യുത് ശങ്കർ എസ്. നായർക്ക് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |