SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

ഇതാണ്  സിസ്റ്റം  തകരാർ! കോടികൾ  വിലയുള്ള  മെഡി. ഉപകരണങ്ങൾ  പാഴായി,​ വയനാട്  മെഡി.കോളേജിൽ ഗുരുതര  അനാസ്ഥ

a

കൽപ്പറ്റ: രോഗികൾക്കായി ലഭ്യമാക്കിയ കോടിക്കണക്കിന് രൂപ വിലയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും വയനാട് മെഡിക്കൽ കോളേജിൽ ഉദ്യോഗസ്ഥരുടെ മൂപ്പിളമ തർക്കത്തിൽ കെട്ടിക്കിടന്ന് നശിച്ചു.ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജും ഒന്നിച്ചായ ഇവിടെ അധികാര വടംവലികാരണം എല്ലാം കുത്തഴിയുകയായിരുന്നു.ആരും ഒന്നിനും മുൻകൈ എടുത്തില്ല.

വയനാട്‌മെഡിക്കൽ കോളേജിന് ലഭിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന ലോൺട്രി മെഷീൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ പെട്ടിപൊലും പൊട്ടിക്കാതെ മെഡിക്കൽ കോളേജ് പരിസരത്ത് അനാഥമായി കിടക്കുന്നു. യന്ത്രത്തിന്റെ പാക്കിങ് ചിതലെടുത്ത് തുടങ്ങി. രോഗികൾക്കായി വാങ്ങിയ പത്തിലേറെ സ്‌ട്രെച്ചറുകൾ സർജിക്കൽ വാർഡിന് താഴെ കൂട്ടിയിട്ട നിലയിലാണ്. കവർ പൊട്ടിക്കാത്ത ബെഡുകൾ, എയർ കണ്ടീഷണറുകൾ, ഉപയോഗിക്കാത്ത വീൽചെയറുകൾ, ട്രോളികൾ എന്നിവയെല്ലാം നശിച്ചവയുടെ കൂട്ടത്തിലുണ്ട്.

കൊവിഡ് കാലത്ത് സന്നദ്ധ സംഘടന മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകിയ 15 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന നാല് മെഡിക്കൽ ഫ്രീസറുകൾ ഉപയോഗിക്കാതെ കിടക്കുന്നു.മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ളവയായിരുന്നു.

ചില മെഷീനുകൾ മറ്റൊരു ആശുപത്രിയിൽ സഥാപിക്കുന്നതിന് കൊണ്ടുവന്നതാണെങ്കിലും സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞ് മാനന്തവാടിയിലേക്ക് നൽകുകയായിരുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും ഇവ സ്ഥാപിക്കാനോ രോഗികൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനോ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല.2021ൽ മെഡി.കോളേജായി പ്രഖ്യാപിച്ച ഇവിടെ 2025ൽ എം.ബി.ബി.എസ് പഠനവും തുടങ്ങിയിരുന്നു.

മന്ത്രി എത്തിയതുകൊണ്ട്

വീഴ്ചകൾ പുറത്തുവന്നു

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ നടത്തിയ സന്ദർശനമാണ് ദുരവസ്ഥ പുറത്തുവരാൻ ഇടയാക്കിയത്. വിദഗ്ദ്ധ സംഘവുമായാണ് അദ്ദേഹം എത്തിയത്.

സി.ടി.സ്കാൻ, എം.ആർ.ഐ മിഷൻ എന്നിവ സ്ഥാപിക്കുന്നതിനും മറ്റുമായി ഇടം കണ്ടെത്താൻ പേഴ്സണൽ സെക്രട്ടിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അവിടെ നിറുത്തിയിട്ടാണ് മന്ത്രി മടങ്ങിയത്. തീരുമാനമായശേഷം മടങ്ങിയാൽ മതിയെന്ന് നിർദേശവും നൽകി.

രാത്രിതന്നെ എം.എൽ.എ ഉഷാ വിജയന്റെ നേതൃത്വത്തിൽ പി.എസ്. ഉൾപ്പെടെയുള്ളവർ സർജിക്കൽ വാർഡിന് സമീപത്തെ ഗോഡൗൺ പരിശോധിക്കുന്നതിനിടെയാണ് ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടത്.ഉടൻ മന്ത്രിയെ അറിയിക്കുകയും ചെയ്തു.

ആശുപത്രി സൂപ്രണ്ടിന്റെയും ഉഷാ വിജയന്റെയും നേതൃത്വത്തിൽ ഇന്നലെയും പരിശോധന നടത്തി. ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.അന്വേഷണത്തിന് ഉത്തരവ് ഇടുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYNAD MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA