
ആലപ്പുഴ: മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്) ജില്ലയിൽ 23 കേന്ദ്രങ്ങളിൽ നടന്നത്. 7650 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒരു ക്ലാസിൽ 24 കുട്ടികളെ വീതമാണ് അനുവദിച്ചിരുന്നത്. രണ്ട് ഇൻവിജിലേറ്റർമാരെ വീതവും ക്ലാസുകളിൽ അനുവദിച്ചു. കടുത്ത ചൂടായതിനാൽ കൂടുതൽ പേരും രാവിലെ പത്തോടെതന്നെ കേന്ദ്രങ്ങളിലെത്തി. പരിശോധനയ്‌ക്കുശേഷമാണ് വിദ്യാർത്ഥികളെ ക്ലാസ്‌മുറികളിലേക്ക് പ്രവേശിപ്പിച്ചത്. പരീക്ഷാഹാളിൽ സി.സി.ടി.വി ക്യാമറകളും, മൊബൈൽ ഉപയോഗമടക്കം നിയന്ത്രിക്കുന്നതിനായി സിഗ്‌നൽ ജാമറുകളും ക്രമീകരിച്ചിരുന്നു. പൊലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ജല-റോഡ് ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെയും ദുരന്തനിവാരണ അതോറിട്ടിയുടെയും സേവനം ലഭ്യമാക്കി.
അവസരം നിഷേധിച്ചെന്ന് ആക്ഷേപം
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനിക്ക് പ്രവേശന പരീക്ഷയെഴുതാൻ അവസരം നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ പരീക്ഷാ സെന്ററിൽ പ്രവേശന പരീക്ഷ എഴുതേണ്ടിയിരുന്ന പുന്നപ്ര കടവത്ത്ശ്ശേരി മുഹമ്മദ് അലിയുടെയും റെജീനയുടെയും മകൾ ആമിന മുഹമ്മദ് അലിക്കാണ് അവസരം നഷ്ടപ്പെട്ടത്. പിതാവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ആമിന സെന്ററിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ തലയ്ക്ക് പെരുപ്പ് തോന്നുന്നതായി മകൾ പറഞ്ഞിരുന്നുവെന്ന് പിതാവ് മുഹമ്മദലി പറഞ്ഞു. സെന്ററിന് സമീപമെത്തിയപ്പോൾ ഓടുന്ന വാഹനത്തിൽ നിന്ന് തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു.ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേറ്റില്ല. വലതുകൈയ്ക്ക് വേദനയും, ഓർമ്മക്കുറവും നേരിട്ടതിനെ തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. 1.30 ഓടെ ഒ.പി ടിക്കറ്റുമായി സമയത്തിൽ ഇളവ് തേടി ബന്ധുക്കൾ പരീക്ഷാ സെന്ററിലെത്തി. തങ്ങളെ കാണാനോ മെഡിക്കൽ രേഖകൾ പരിശോധിക്കാനോ പരീക്ഷാ കൺട്രോളർ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |