ആലപ്പുഴ: കുറുവാസംഘത്തലവൻ കട്ടുപൂച്ചനും കൂട്ടാളി സന്തോഷ് ശെൽവവും പ്രതികളായ കവർച്ചാകേസുകളിൽ അന്തിമവാദം ജൂൺ 2ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്ര് ക്ളാസ് മജിസ്ട്രേട്ട് കോടതി 2 ൽ നടക്കും. 2025 നവംബറിൽ മണ്ണഞ്ചേരിയിലെ രണ്ട് വീടുകളിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പൊലീസ് ചാർജ് ചെയ്ത രണ്ട് കേസുകളുടെ വിചാരണയാണ് അവസാന ഘട്ടത്തിലെത്തിയത്. മണ്ണഞ്ചേരി സ്റ്റേഷനതിർത്തിയിലെ മറ്റൊരുകേസ് കൂടി ഇവർക്കെതിരെയുണ്ടെങ്കിലും അതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.
അർദ്ധരാത്രി വിവസ്ത്രരായി ആയുധങ്ങളേന്തിയുള്ള കുറുവാ സംഘത്തിന്റെ കവർച്ചാപരമ്പരകളിൽ നാടാകെ നടുങ്ങിയിരിക്കെ കേസ് അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് കട്ടുപൂച്ചനെയും കൂട്ടാളിയെയും പിടികൂടിയത്. സംഘത്തിലെ പ്രധാനി സന്തോഷ് ശെൽവനെ 2025 നവംബർ 16ന് കൊച്ചി കുണ്ടന്നൂർ പാലത്തിനടിയിലെ താവളത്തിൽ നിന്നാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. ഇയാളുടെ സംഘാംഗങ്ങൾക്കായി നടത്തിയ തിരച്ചിലിൽ ഇടുക്കിയിലെ രാജകുമാരിയിൽ നിന്നും തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപ്പുള്ളികളായ കുറുവാ സംഘാംഗങ്ങളായ കറുപ്പയ്യയും നാഗരാജും പിടിയിലായെങ്കിലും ഇവിടെ കേസുകളില്ലാത്തതിനാൽ അവരെ തമിഴ്‌നാട് പൊലീസിന് കൈമാറി. മണ്ണഞ്ചേരി സ്വദേശിനി ഇന്ദു, ജയന്തി എന്നിവരുടെ വീടുകളിലെ കവർച്ചയുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു സന്തോഷ് ശെൽവന്റെയും കട്ടുപൂച്ചന്റെയും അറസ്റ്റ്. കട്ടുപൂച്ചനെ തമിഴ്‌നാട് രാമനാഥപുരത്ത് നിന്ന് സാഹസികമായാണ് പിടികൂടിയത്. വിചാരണയുടെ ഭാഗമായി സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന കട്ടുപൂച്ചന് അഭിഭാഷകനില്ലാത്തതിനാൽ ജില്ലാ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ.സുധീഷ്.ടി.ടിയും സന്തോഷ് ശെൽവത്തിനായി അഡ്വ.അഭിലാഷ് സോമനുമാണ് ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |