SignIn
Kerala Kaumudi Online
Saturday, 30 May 2026 4.11 AM IST

വിദ്യാവാഹനോട് മുഖം തിരിക്കരുത്

ആലപ്പുഴ : സ്കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കുട്ടികളുടെ യാത്രാവിവരങ്ങൾ തത്സമയം രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനുമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ 'വിദ്യാവാഹനോട് ' മുഖംതിരിക്കരുതെന്ന് രക്ഷിതാക്കൾ. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷമാകുമ്പോഴും ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളും പദ്ധതിയോട് സഹകരിക്കുന്നില്ല. ഓരോ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെ മൊബൈൽ നമ്പരടക്കം ഉൾപ്പെടുത്തി സ്കൂൾ അധികൃതരാണ് ആപ്പ് സജ്ജമാക്കേണ്ടത്.

സ്കൂൾ ബസുകൾ എവിടെയാണെന്നും റൂട്ട് വിവരങ്ങളും കുട്ടികൾ കയറുന്നതും ഇറങ്ങുന്നതുമായ സമയവും രക്ഷിതാക്കൾക്ക് മൊബൈലിലൂടെ കൃത്യമായി അറിയാൻ സാധിക്കും. വാഹനത്തിന്റെ വേഗത, അടിയന്തര സാഹചര്യങ്ങൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ്, ഫയർ എക്സ്റ്റിംഗഷറുകൾ എന്നിവയെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. സ്കൂളിൽ നൽകിയിട്ടുള്ള രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യേണ്ടത്.

മാനേജ്മെന്റുകൾക്ക് മെല്ലെപ്പോക്ക്

1.ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ വിശദാംശം രേഖപ്പെടുത്തേണ്ടതുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ പൂർണമായ ലിസ്റ്റ് രജിസ്റ്റർ ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് സ്‌കൂൾ മാനേജ്മെന്റുകളുടെ നിലപാട്

2. ബസ് ഡ്രൈവറുടെയും ക്ലീനറുടെയും മൊബൈൽ നമ്പരുകൾ, വിലാസം, ലൈസൻസ്, വാഹനത്തിന്റെ റൂട്ട്, സർട്ടിഫിക്കറ്റുകൾ,​ രക്ഷിതാക്കളുടെ ഫോൺ നമ്പരും വിലാസവും എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്

3.പുതിയ വർഷത്തിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ തുടരുന്നതിനാൽ റൂട്ടുകളിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്കൂളുകൾ കൂടുതൽ സമയം ആവശ്യപ്പെടുന്നത്

വിദ്യാവാഹൻ

 സ്‌കൂൾ വാഹന യാത്ര നിരീക്ഷിക്കാം

യാത്രയുടെ തത്സമയ വിവരങ്ങൾ ലഭിക്കും

 ഡ്രൈവറുമായും സഹായിയുമായും ബന്ധപ്പെടാം

 അമിത വേഗതയെങ്കിൽ രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും

 ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യം

രക്ഷിതാവിന്റെ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്യാം

ഓരോ സ്‌കൂൾ വാഹനത്തിനും പ്രത്യേക യൂസർ നെയിമും ലോഗിനും

സ്‌കൂൾ അധികൃതർ വാഹനത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തി രക്ഷാകർത്താക്കൾക്ക് വിദ്യാവാഹൻആപ്പ് ഉപയോഗപ്പെടുത്താൻ സാഹചര്യം ഒരുക്കണം

- എം.ജി.മനോജ്, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL