SignIn
Kerala Kaumudi Online
Thursday, 18 June 2026 5.23 AM IST

വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ കവർന്ന കേസ്: കൂട്ടുപ്രതിക്കായി തെരച്ചിൽ ഊർജ്ജിതം

കൊച്ചി: വിദ്യാർത്ഥിയെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് 25,000 രൂപ വിലയുള്ള മൊബൈൽഫോൺ കവർന്ന കേസിൽ കൂട്ടുപ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പള്ളുരുത്തി സ്വദേശിയായ യുവാവിനായാണ് അന്വേഷണം. സംഭവദിവസം ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. സംഘത്തിലുണ്ടായിരുന്ന 17കാരൻ നേരത്തെ പിടിയിലാവുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ നാലുനില കെട്ടിടത്തിൽനിന്ന് വീണു മരിക്കുകയും ചെയ്തിരുന്നു. ഫോർട്ടുകൊച്ചി നെല്ലുകടവ് ഈരവേലി വീട്ടിൽ മുഹമ്മദ് സാഹിലാണ് (18) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 3.45ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കമ്മട്ടിപ്പാടത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. കമ്മട്ടിപ്പാടത്തെ അപ്പാർട്ട്‌മെന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ലോജിസ്റ്റിക്‌സ് കോഴ്‌സ് വിദ്യാർത്ഥി പത്തനംതിട്ട കുറ്റൂർ തെങ്ങേലി കേരച്ചാൽവീട്ടിൽ ആദിത്യരാജിന്റെ (21) മൊബൈലാണ് സംഘം തട്ടിയെടുത്തത്.

മോഷണത്തിനുശേഷം സംഘം ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിന്റെ ജീപ്പ് ലോഡ്ജിന് താഴെക്കണ്ട മുഹമ്മദ് സാഹിലും പതിനേഴുകാരനും നാലാംനിലയിലേക്ക് ഓടിക്കയറി. സൺഷെയ്ഡിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് സാഹിൽ കാൽവഴുതി സമീപത്തെ പരമാരക്ഷേത്ര കവാടത്തിലേക്കുള്ള നടപ്പാതയിലേക്ക് വീഴുകയായിരുന്നു.

പ്രതികൾ മൂന്നുപേരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. മുമ്പ് പലതവണ പിടിയിലായ ഇവരെ ബോർസ്റ്റൽസ്‌കൂളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽനിന്ന് നിരവധി വ്യാജ ആധാർകാർഡുകളും വിദ്യാർത്ഥിയിൽനിന്ന് കവർന്ന ഫോണും പൊലീസ് കണ്ടെടുത്തു. ഇവ പരിശോധിച്ച് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL